പാറ്റ്ന: ബിഹാറിലെ കിഷൻഗഞ്ചിൽ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ നേപ്പാൾ ബോർഡർ പൊലീസിന്‍റെ പ്രകോപനം. മൂന്ന് ഇന്ത്യക്കാർക്ക് നേരെ നേപ്പാൾ പൊലീസ് നടത്തിയ വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റു. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്.
ജിതേന്ദ്ര കുമാർ എന്ന 25കാരനാണ് പരിക്കേറ്റത്. കാണാതായ കന്നുകാലിയെ തിരഞ്ഞാണ് ജിതേന്ദ്ര കുമാറും രണ്ട് സുഹൃത്തുക്കളും അതിർത്തിയിലെ ടോല മാഫി ഗ്രാമത്തിലെത്തിയത്. അതിർത്തിയിൽ കാവലുണ്ടായിരുന്ന നേപ്പാൾ പൊലീസ് തങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നെന്ന് ഇവർ പറയുന്നു.
ലോക്കൽ പൊലീസും സശസ്ത്ര സീമാബലും സംഭവത്തെ കുറിച്ച് അന്വേഷിക്കുകയാണ്.
നേപ്പാൾ ബോർഡർ പൊലീസ് ഇന്ത്യക്കാരനെ വെടിവെച്ചു കൊലപ്പെടുത്തിയ സംഭവത്തിന് ഒരു മാസത്തിന് ശേഷമാണ് വീണ്ടും പ്രകോപനമുണ്ടായിരിക്കുന്നത്. ജൂൺ 12ന് നടന്ന വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.