ലിപുലേഖ് ചുരം വഴിയുള്ള ഇന്ത്യ-ചൈന വ്യാപാരത്തെ എതിർത്ത് നേപ്പാൾ; വകവെക്കാതെ ഇന്ത്യ
text_fieldsലിപുലേഖ് ചുരം
ന്യൂഡൽഹി: ലിപുലേഖ് ചുരം വഴി ചൈനയുമായുള്ള വ്യാപാരം പുനരാരംഭിക്കുന്നതിനെതിരായ നേപ്പാളിന്‍റെ എതിർപ്പ് തള്ളി ഇന്ത്യ. അന്യായവും അംഗീകരിക്കാൻ കഴിയാത്തതും ചരിത്രപരമായ വസ്തുതകൾക്ക് നിരക്കാത്തതുമായ അവകാശവാദം എന്നാണ് ഇന്ത്യയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിലുള്ള കൂടിക്കാഴ്ചക്ക് പിന്നാലെ ആയിരുന്നു ലിപുലേഖ് ചുരം, ഷിപ്കി ചുരം, നാഥുലാ ചുരം എന്നീ പാതകൾ വഴി അതിർത്തി വ്യാപാരം ആരംഭിക്കാൻ ധാരണയായത്.
മഹാകാളി നദിയുടെ കിഴക്ക് സ്ഥിതി ചെയ്യുന്ന ലിമ്പിയാധുര, ലിപുലേഖ്, കാലാപാനി എന്നിവ നേപ്പാളിന്റെ അവിഭാജ്യ ഭാഗങ്ങളാണെന്നാണ് നേപ്പാൾ സർക്കാരിന്റെ നിലപാട്. ഇവ നേപ്പാൾ ഭൂപടത്തിലും ഭരണഘടനയിലും ഔദ്യോഗികമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും നേപ്പാൾ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. സിക്കിം, ബംഗാൾ, ബിഹാർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ അഞ്ച് ഇന്ത്യൻ സംസ്ഥാനങ്ങളുമായി നേപ്പാൾ 1850 കിലോമീറ്ററിലധികം അതിർത്തി പങ്കിടുന്നുണ്ട്.
1954ൽ ലിപുലേഖ് ചുരം വഴി ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി വ്യാപാരം ആരംഭിച്ചതാണ്. ഇത് പതിറ്റാണ്ടുകളായി നടന്നുവരുന്നതാണ്. കോവിഡ്, മറ്റ് സംഭവ വികാസങ്ങൾ കാരണം വ്യാപാരം കഴിഞ്ഞ വർഷങ്ങളിൽ തടസപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും അത് പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പ്രസ്താവനയിൽ പറഞ്ഞു. അതിർത്തി പ്രശ്‌നങ്ങൾ സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കുന്നതിന് നേപ്പാളുമായി ക്രിയാത്മകമായ ഇടപെടലുകൾക്ക് ഇന്ത്യ സന്നദ്ധമാണെന്നും രൺധീർ ജയ്സ്വാൾ വ്യക്തമാക്കി.
2020 മേയ് എട്ടിന് ഹിമാലയ മേഖലയില്‍ ചൈനാ അതിര്‍ത്തിയും ലിപുലേഖ് ചുരവും ബന്ധിപ്പിച്ച് 80 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാത പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്തതോടെയാണ് ഇന്ത്യയും നേപ്പാളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം രൂക്ഷമാകുന്നത്. തങ്ങളുടെ മേഖലയിലൂടെയാണ് റോഡ് കടന്നുപോകുന്നതെന്നാണ് നേപ്പാളിന്റെ വാദം. 2020 ജൂൺ 18നാണ് തന്ത്രപ്രധാനമായ ലിപുലേഖ്, കാലാപാനി, ലിമ്പിയാധുര പ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാൾ രാഷ്ട്രീയ ഭൂപടം പുതുക്കിയത്. ഭരണഘടനയിൽ ഭേദഗതി വരുത്തിയാണ് ഇത് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

