Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒരുവർഷം, ഇന്ത്യയിൽ...

ഒരുവർഷം, ഇന്ത്യയിൽ ലഹരിക്കടത്തിൽ പിടിയിലായത് 660 വിദേശ പൗരന്മാർ, വിദേശത്തിരുന്ന് ഇന്ത്യയിൽ ലഹരിക്കച്ചവടം നടത്തുന്നവരെ പൂട്ടുമെന്ന് അമിത് ഷാ

text_fields
bookmark_border
ഒരുവർഷം, ഇന്ത്യയിൽ ലഹരിക്കടത്തിൽ പിടിയിലായത് 660 വിദേശ പൗരന്മാർ, വിദേശത്തിരുന്ന് ഇന്ത്യയിൽ ലഹരിക്കച്ചവടം നടത്തുന്നവരെ പൂട്ടുമെന്ന് അമിത് ഷാ
cancel

ന്യൂഡൽഹി: ഒരുവർഷത്തിനിടെ രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി ലഹരിക്കടത്തിന് പിടിയിലായത് 660 വിദേശ പൗരന്മാർ. ചൊവ്വാഴ്ച നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ‌.സി.‌ബി) പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് വിവരങ്ങളുള്ളത്.

നേപ്പാളികൾ (203), നൈജീരിയക്കാർ (106), മ്യാൻമർ സ്വദേശികൾ (25) എന്നിങ്ങനെയാണ് പട്ടികയിൽ മുന്നിലുള്ള രാജ്യങ്ങൾ. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ലഹരി വിരുദ്ധ ടാസ്‌ക് ഫോഴ്‌സ് (എ.എൻ.ടി.എഫ്) മേധാവികളുടെ സമ്മേളനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് റിപ്പോർട്ട് പ്രകാശനം ചെയ്തത്.

വിദേശത്തിരുന്ന് ഇന്ത്യയിൽ മയക്കുമരുന്ന് വ്യാപാരം നടത്തുന്നവരെ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ആഭ്യന്തരമന്ത്രി പറഞ്ഞു. രാജ്യത്ത് നിന്ന് എല്ലാത്തരം മയക്കുമരുന്നുകളും തുടച്ചുനീക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

‘സി.ബി.ഐ ഇക്കാര്യത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചു. ഇതര രാജ്യങ്ങളിലേക്ക് രക്ഷപ്പെട്ട ലഹരിക്കടത്തുകാരെ വിട്ടുകിട്ടാൻ സംസ്ഥാന ദൗത്യസംഘങ്ങൾ സി.ബി.ഐയുടെ സഹായം ഉപയോഗപ്പെടുത്തണം. ഇത് മയക്കുമരുന്ന് സംഘങ്ങളെ മാത്രമല്ല, തീവ്രവാദ സംഘങ്ങളെയും തകർക്കാൻ സഹായിക്കും. മയക്കുമരുന്നിന്റെ ചില്ലറ വ്യാപാരികൾക്കെതിരെയും രാജ്യം നടപടി ശക്തമാക്കിയിട്ടുണ്ട്. നിർഭാഗ്യവശാൽ, ​ആഗോളതലത്തിൽ മയക്കുമരുന്ന് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന രണ്ട് പ്രധാന പ്രദേശങ്ങൾ നമ്മുടെ രാജ്യത്തോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്,’- ഷാ പറഞ്ഞു.

എൻ.സി.ബി പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ ഒരുവർഷത്തിനിടെ മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് 18 ബംഗ്ലാദേശി പൗരന്മാരെയും ഐവറി കോസ്റ്റിൽ നിന്ന് 14 പേരെയും ഘാനയിൽ നിന്ന് 13 പേരെയും ഐസ്‌ലൻഡിൽ നിന്ന് 10 പേരെയും ഇന്ത്യയിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഡ്രോണുകൾ വഴിയുള്ള മയക്കുമരുന്ന് കടത്തിന് പഞ്ചാബിൽ മാത്രം 163 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. രാജസ്ഥാനിൽ 15 ഡ്രോണുകൾ പിടികൂടിയതിൽ 39.155 കിലോഗ്രാം ഹെറോയിൻ കണ്ടെടുത്തു. ജമ്മു കശ്മീരിൽ സമാനമായി ഡ്രോൺ വഴി കടത്താൻ ശ്രമിച്ച 0.344 കിലോഗ്രാം ഹെറോയിനും പിടികൂടി. രാജ്യത്ത് വിവിധ സംഭവങ്ങളിലായി 187.149 കിലോ ഹെറോയിൻ, 5.39 കിലോ മെത്താംഫെറ്റാമൈൻ, 4.22 കിലോ കറുപ്പ് എന്നിവ ഒരുവർഷത്തിനിടെ പിടിച്ചെടുത്തുവെന്നും റിപ്പോർട്ട് പറയുന്നു.

ആഗോളതലത്തിൽ മയക്കുമരുന്ന് ഉൽപ്പാദിപ്പിക്കുന്ന രണ്ട് പ്രധാന മേഖലകളായ ഡെത്ത് ക്രസന്റിനും (അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഇറാൻ) ഡെത്ത് ട്രയാംഗിളിനും (മ്യാൻമർ, തായ്‌ലൻഡ്, ലാവോസ്) ഇടയിൽ സ്ഥിതി ​ചെയ്യുന്നതുകൊണ്ടുതന്നെ ലഹരിക്കടത്തിനെതിരെ ഇന്ത്യ ദിനേന പുതിയ വെല്ലുവിളികൾ നേരികയാണ്,” ഡയറക്ടർ ജനറൽ (എൻ.സി.ബി) അനുരാഗ് ഗാർഗ് വാർഷിക റിപ്പോർട്ടിൽ പറഞ്ഞു.

പഞ്ചാബ്, രാജസ്ഥാൻ, ജമ്മു കശ്മീർ സംസ്ഥാനങ്ങളിൽ പാകിസ്ഥാനിൽ നിന്നുള്ള ഹെറോയിൻ കള്ളക്കടത്താണ് വെല്ലുവിളി. അതേസമയം, മണിപ്പൂർ, മിസോറാം, നാഗാലാൻഡ്, അസം, അരുണാചൽ പ്രദേശ് എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് മ്യാൻമറിൽ നിന്നുള്ള ലഹരിയൊഴുക്കാണ് നേരിടേണ്ടിവരുന്നത്. മുംബൈ , ഗുജറാത്ത്, കേരളം, തമിഴ്‌നാട് എന്നീ തീരദേശ പാതകളിലൂടെ സിന്തറ്റിക് ലഹരിയടക്കമുള്ളവയുടെ കടത്ത് വ്യാപകമാണെന്നും ഗാർഗ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndiaNCRB reportdrug cartel
News Summary - 660 foreigners arrested in India for drug trafficking
Next Story