നേപ്പാളിന്‍റെ കണ്ണീരൊപ്പി രാജ്യത്തെ ആദ്യ വനിതാ ഹെലികോപ്ടർ ക്യാപ്റ്റൻ; ആറ് ദിവസത്തിനുള്ളിൽ പ്രിയ അധികാരി പൂർത്തിയാക്കിയത് 100ലേറെ രക്ഷാദൗത്യങ്ങൾ
text_fieldsപ്രകൃതിദുരന്തത്തിന്റെ കറുത്ത ദിനങ്ങളിൽ നേപ്പാളിന് ആശ്വാസമായി മാറുകയാണ് രാജ്യത്തെ ആദ്യ വനിതാ ഹെലികോപ്ടർ ക്യാപ്റ്റനായ പ്രിയ അധികാരി. നേപ്പാളിലും ടിബറ്റ് അതിർത്തി പ്രദേശങ്ങളിലുമുണ്ടായ വിനാശകരമായ വെള്ളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും നൂറുകണക്കിന് ആളുകളെയാണ് ഈ വനിതാ പൈലറ്റ് സുരക്ഷിതമായ കേന്ദ്രങ്ങളിലെത്തിച്ചത്. വെറും ആറ് ദിവസത്തിനുള്ളിൽ നൂറിലധികം രക്ഷാപ്രവർത്തന ദൗത്യങ്ങളാണ് പ്രിയ വിജയകരമായി പൂർത്തിയാക്കിയത്.
കനത്ത മഴയും വെള്ളപ്പൊക്കവും മൂലം നേപ്പാളിലും ടിബറ്റിലുമായി ആയിരത്തിലധികം ആളുകൾ ജീവൻ വെടിയുകയും നിരവധി പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ദാരുണമായ ഈ സാഹചര്യത്തിൽ അതികഠിനമായ ഉയർന്ന പ്രദേശങ്ങളിലെ രക്ഷാപ്രവർത്തന അനുഭവസമ്പത്തുുള്ള പ്രിയ അധികാരി പോലും കടുത്ത വെല്ലുവിളികളാണ് നേരിടുന്നത്. തുടർച്ചയായ പറക്കലുകൾ തങ്ങളെ ശാരീരികമായി തളർത്തിയിട്ടുണ്ടെങ്കിലും ദുരന്തമുഖത്ത് ജീവനുവേണ്ടി കേഴുന്ന മനുഷ്യരെ രക്ഷിക്കാൻ ഈ പരിശീലനം തങ്ങളെ പ്രാപ്തരാക്കിയിട്ടുണ്ടെന്ന് പ്രിയ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഒരേ സ്ഥലത്ത് അഞ്ചോ ആറോ ഹെലികോപ്ടറുകൾ ഒരേസമയം ഇറങ്ങേണ്ടി വരുന്ന സാഹചര്യത്തിൽ പൈലറ്റുമാർ തമ്മിലുള്ള റേഡിയോ സന്ദേശവിനിമയവും ഏകോപനവും അതീവ ജാഗ്രതയോടെയാണ് നിർവഹിക്കുന്നതെന്ന് അവർ പറയുന്നു. ചില ദുരന്തബാധിത പ്രദേശങ്ങളിൽ ഹെലികോപ്ടർ സുരക്ഷിതമായി ലാൻഡ് ചെയ്ത് എൻജിൻ ഓഫ് ചെയ്യാൻ പോലും കഴിയാത്തവിധം കട്ടിയുള്ള ചെളിയാണ് നിറഞ്ഞിരിക്കുന്നത്. അതിനാൽ രക്ഷാപ്രവർത്തന സമയത്ത് എൻജിൻ ഓഫ് ചെയ്യാതെ പവർ നിലനിർത്തിയാണ് പൈലറ്റുമാർ ഹെലികോപ്ടർ നിയന്ത്രിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
തങ്ങൾ രക്ഷപ്പെടുത്തുന്ന അപരിചിതരായ മനുഷ്യരുടെ മുഖത്തെ പുഞ്ചിരിയും കൈവീശിയുള്ള അഭിവാദ്യങ്ങളുമാണ് മുന്നോട്ട് പോകാനുള്ള ഊർജ്ജം നൽകുന്നതെന്ന് പ്രിയ അധികാരി പറയുന്നു. പരമ്പരാഗതമായി പുരുഷന്മാർ മാത്രം ആധിപത്യം പുലർത്തിയിരുന്ന വ്യോമയാന മേഖലയിൽ വെല്ലുവിളികളെ അതിജീവിച്ചാണ് പ്രിയ നേപ്പാളിന്റെ ആദ്യ വനിതാ ഹെലികോപ്ടർ ക്യാപ്റ്റൻ പദവിയിലെത്തിയത്. ഈ ദുരന്തമുഖത്ത് അക്ഷരാർത്ഥത്തിൽ ഒരു മാലാഖയുടെ രൂപത്തിലാണ് പ്രിയ അധികാരിയും സംഘവും എത്തിച്ചേർന്നിരിക്കുന്നത്.
കാബിൻ ക്രൂവായി ജോലി നോക്കുന്നതിനിടെ ഹെലികോപ്ടർ പറത്താനുള്ള മോഹത്തിനു പിന്നാലെയാണ് ഈ ഫീൽഡിലേക്ക് പ്രിയ മാറിയത്. ഫിലിപ്പീൻസിൽ നിന്ന് ഹെലികോപ്ടർ പറത്തലിൽ പരിശീലനം നേടിയ പ്രിയ 2017ലാണ് മുഴുലൻ സമയ ഹെലികോപ്ടർ പൈലറ്റായി മാറിയത്. ഹൈ ആർട്ടിട്യൂഡ് അധവാ ഉയർന്ന മേഖലകളിലെ രക്ഷാദൗത്യത്തിൽ വിദഗ്ധയാണ് രാജ്യത്തെ ആദ്യ വനിതാ ഹെലികോപ്ടർ ക്യാപ്റ്റനായ പ്രിയ അധികാരി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

