ഇന്ത്യൻ രൂപയുടെ വിലക്കിൽ നിർണ്ണായക ഇളവുകൾ പ്രഖ്യാപിച്ച് നേപ്പാൾ; 200, 500 രൂപ നോട്ടുകൾക്ക് അനുമതി
text_fields2016-ൽ ഇന്ത്യ നടപ്പിലാക്കിയ നോട്ടുനിരോധനത്തിന് പിന്നാലെ ഇന്ത്യൻ കറൻസി നോട്ടുകൾക്ക് ഏർപ്പെടുത്തിയിരുന്ന ദീർഘകാലത്തെ വിലക്കുകളിൽ നിർണ്ണായക ഇളവുകൾ പ്രഖ്യാപിച്ച് നേപ്പാൾ. 200, 500 രൂപ മൂല്യമുള്ള ഇന്ത്യൻ കറൻസി നോട്ടുകൾ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനും തിരികെ കൊണ്ടുപോകുന്നതിനും നേപ്പാൾ രാഷ്ട്ര ബാങ്ക് ഔദ്യോഗികമായി അനുമതി നൽകി. ഇതോടെ ഏകദേശം ഒരു പതിറ്റാണ്ടോളമായി 100 രൂപ വരെയുള്ള നോട്ടുകൾ മാത്രം കൈവശം വെക്കാൻ അനുവദിച്ചിരുന്ന കർശന രീതിക്കാണ് അവസാനമായിരിക്കുന്നത്.
നേപ്പാൾ രാഷ്ട്ര ബാങ്ക് പുറപ്പെടുവിച്ച പുതിയ നിർദ്ദേശങ്ങൾ അനുസരിച്ച് 2016 നവംബർ 9-നോ അതിനുശേഷമോ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ 200, 500 രൂപ നോട്ടുകൾ ഇനിമുതൽ യാത്രക്കാർക്ക് ഉപയോഗിക്കാം. എന്നാൽ നിലവിലുള്ള ചട്ടങ്ങൾ പാലിച്ചുകൊണ്ട് ഒരാൾക്ക് പരമാവധി 25,000 രൂപ വരെയുള്ള നോട്ടുകൾ മാത്രമേ കൊണ്ടുപോകാൻ അനുവാദമുള്ളൂ. ഇന്ത്യക്കാരോ നേപ്പാൾ സ്വദേശികളോ ആയ യാത്രക്കാർക്ക് ഈ ആനുകൂല്യം ലഭ്യമാകും. മുൻപ് ഫെബ്രുവരിയിൽ ഗസറ്റ് വിജ്ഞാപനം വഴി ഇത് സംബന്ധിച്ച സൂചനകൾ നൽകിയിരുന്നെങ്കിലും, നിർദ്ദേശങ്ങൾ കൂടുതൽ വ്യക്തമാക്കാനാണ് ബാങ്ക് ഉത്തരവ് വീണ്ടും പ്രസിദ്ധീകരിച്ചത്.
ഇതോടൊപ്പം ചില സുപ്രധാന നിബന്ധനകളും നേപ്പാൾ രാഷ്ട്ര ബാങ്ക് വക്താവ് ഗുരു പ്രസാദ് പൗഡെൽ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിന്നല്ലാതെ മറ്റൊരു രാജ്യത്തുനിന്നും നേപ്പാളിലേക്ക് ഇന്ത്യൻ രൂപ കൊണ്ടുവരാനോ നേപ്പാളിൽ നിന്ന് ഇന്ത്യയല്ലാത്ത മറ്റൊരു മൂന്നാം രാജ്യത്തേക്ക് ഇന്ത്യൻ കറൻസി കൊണ്ടുപോകാനോ അനുവാദമില്ല. കൂടാതെ 2016 നവംബർ 8-ലെ നോട്ടുനിരോധനത്തിന് മുൻപ് ഇന്ത്യയിലുണ്ടായിരുന്ന പഴയ 500, 1000 രൂപ നോട്ടുകളുടെ നിരോധനം മാറ്റമില്ലാതെ തുടരും.
തുറന്ന അതിർത്തി പങ്കിടുന്ന ഇന്ത്യയും നേപ്പാളും തമ്മിലുള്ള സാമ്പത്തിക-വ്യാപാര ബന്ധങ്ങൾക്കും വിനോദസഞ്ചാര മേഖലക്കും വലിയ ഉണർവ്വേകുന്നതാണ് ഈ നീക്കം. നേപ്പാൾ സന്ദർശിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ വിനോദസഞ്ചാരികൾക്കും ഇന്ത്യയിൽ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന നേപ്പാൾ പൗരന്മാർക്കും അതിർത്തി കടന്നുള്ള ദൈനംദിന സാമ്പത്തിക ഇടപാടുകൾ കൂടുതൽ ലളിതമാക്കാൻ ഈ തീരുമാനം സഹായിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

