Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘മമതയോ തൃണമൂൽ...

‘മമതയോ തൃണമൂൽ നേതാക്കളോ എം.പി സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടില്ല...’; പ്രചരണങ്ങൾ തള്ളി യൂസഫ് പത്താൻ

text_fields
bookmark_border
‘മമതയോ തൃണമൂൽ നേതാക്കളോ എം.പി സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെട്ടിട്ടില്ല...’; പ്രചരണങ്ങൾ തള്ളി യൂസഫ് പത്താൻ
cancel

ന്യൂഡൽഹി: എം.പി സ്ഥാനം രാജിവെക്കാന്‍ മമത ബാനർജി തന്നെ നിർബന്ധിച്ചെന്ന പ്രചരണങ്ങൾ തള്ളി ബഹറാംപൂർ എം.പിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ യൂസഫ് പത്താന്‍. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് യൂസഫ് പത്താൻ വിഷയത്തിൽ വ്യക്തത വരുത്തിയത്. മമത ബാനർജി ഇതുസംബന്ധിച്ച് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നും പാർട്ടിയിലെ ആരും തന്നെ ഇക്കാര്യം അറിയിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം അടിസ്ഥാനരഹിതമായ വാർത്തകൾ പ്രചരിക്കുന്നതിൽ അദ്ദേഹം നിരാശയും പ്രകടിപ്പിച്ചു.

`ഞാൻ ബഹറാംപൂർ സീറ്റിൽ നിന്ന് രാജി വെക്കണമെന്നും, അവിടെ മമത ബാനർജി മത്സരിക്കുമെന്നും കുറച്ചുനാളായി വാർത്തകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, മമത ബാനർജി ഒരിക്കലും എന്നോട് ഇങ്ങനെയൊന്ന് പറഞ്ഞിട്ടില്ല. ഞങ്ങളുടെ അവസാന കൂടിക്കാഴ്ചയിലും അവർ ഇതേക്കുറിച്ച് സൂചിപ്പിച്ചിരുന്നില്ല. പാർട്ടിയുടെ ഔദ്യോഗിക പ്രതിനിധികളാരും എന്നോട് ഇങ്ങനെയൊന്ന് ആവശ്യപ്പെട്ടിട്ടുമില്ല. ഈ വാർത്ത പൂർണ്ണമായും തെറ്റാണ്' -യൂസഫ് പത്താന്‍ വ്യക്തമാക്കി.

ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മമത ബാനർജി പാർലമെന്റിലേക്ക് മത്സരിക്കാൻ ഒരുങ്ങുന്നുവെന്ന അഭ്യൂഹം രാഷ്ട്രീയ വൃത്തങ്ങളിൽ ശക്തമായിരുന്നു. ഇതിനായി ബഹറാംപൂർ എം.പിയായ യൂസഫ് പത്താനെക്കൊണ്ട് രാജിവെപ്പിച്ച് ആ മണ്ഡലത്തിൽ മമത ബാനർജി ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പദ്ധതിയിടുന്നതായി പ്രമുഖ ബംഗാളി ദിനപത്രം റിപ്പോർട്ട് ചെയ്തിരുന്നു.

അതേ സമയം വിഷയത്തിൽ പ്രതികരണവുമായി ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി രംഗത്തെത്തിയിരുന്നു. ഈ ദൗത്യത്തിനായി ഗാംഗുലിയുടെ സഹായം തൃണമൂൽ കോൺഗ്രസ് തേടിയതായി ആരോപണം ഉയർന്നതിന്‍റെ പശ്ചാത്തലത്തിലാണ് അദ്ദേഹം വാർത്ത നിഷേധിച്ച് രംഗത്തെത്തിയത്. വാസ്തവത്തിന് നിരക്കാത്തതും തികച്ചും അസംബന്ധവുമായ ആരോപണങ്ങളാണ് ഇതെന്നും ഇത്തരം റിപ്പോർട്ടുകൾ സത്യത്തെ പരിഹസിക്കുന്നതാണെന്നും ഗാംഗുലി വ്യക്തമാക്കി.

തന്റെ രാഷ്ട്രീയ ഭാവി സുരക്ഷിതമാക്കാനും ദേശീയ രാഷ്ട്രീയത്തിൽ സജീവമായി നിലനിൽക്കാനും മമത ബാനർജി ലോക്സഭാ പാതയിലൂടെ പാർലമെന്റിലെത്താൻ ശ്രമിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആധികാരികമായ സ്ഥിരീകരണങ്ങളില്ലെങ്കിലും, മമതയുടെ നീക്കങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് വൻ മാധ്യമ ശ്രദ്ധയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മുർഷിദാബാദ് ജില്ലയിലെ ബഹറാംപൂർ സീറ്റ് ടി.എം.സി ലക്ഷ്യമിടുന്നതായി റിപ്പോർട്ടുകളുണ്ട്. 2024ൽ മുതിർന്ന കോൺഗ്രസ് നേതാവായ അധീർ രഞ്ജൻ ചൗദരിയെ പരാജയപ്പെടുത്തി മുൻ ക്രിക്കറ്റ് താരം യൂസഫ് പത്താൻ ജയിച്ച മണ്ഡലമാണിത്. നിലവിൽ ഈ മണ്ഡലത്തിൽ യൂസഫ് പത്താന് വലിയ ആധിപത്യമാണ് ഉള്ളത്. ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടി ഗാംഗൂലിയും യൂസഫും ഒരുമിച്ച് കളിച്ചിട്ടുണ്ട്. അതിനാലാണ് ഗാംഗൂലിയെ യൂസഫുമായി ചർച്ച നടത്താനും എം.പി സ്ഥാനം വിട്ടു നൽകണമെന്ന് ആവശ്യപ്പെടാനും അയച്ചതെന്നാണ് റിപ്പോർട്ടുകൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TMCyusuf pathanSourav Gangulimamatabanerjeeindianews
News Summary - Neither Mamata nor Trinamool leaders have asked me to resign from my MP position..." Yusuf Pathan dismisses rumors
Next Story