ന്യൂഡൽഹി: കീഴ്കോടതികളിലെ ജഡ്ജി നിയമനത്തിന് അഖിലേന്ത്യ തലത്തിൽ ഒറ്റ പരീക്ഷയെന്ന നിർദേശവുമായി കേന്ദ്ര സർക്കാർ. വിവിധ സംസ്ഥാനങ്ങളിലായി 5,000ത്തോളം ജുഡീഷ്യൽ ഒാഫിസർമാരുടെ തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്. ഇത് നികത്താൻ ഹൈകോടതികളാണ് മുൻകൈയെടുക്കേണ്ടത്. കേന്ദ്ര, സംസ്ഥാന സർക്കാറുകൾക്ക് പങ്കില്ല. ദേശീയതലത്തിൽ പൊതുപരീക്ഷ നടത്തിയാൽ നിയമരംഗത്ത് പ്രതിഭയുള്ളവർ കൂടുതലായി നിയമിക്കപ്പെടുമെന്ന കാഴ്ചപ്പാട് നിയമമന്ത്രി രവിശങ്കർ പ്രസാദ് മുന്നോട്ടുവെച്ചു. നിയമ മന്ത്രാലയത്തിെൻറ പുതിയ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സിവിൽ സർവിസ് പരീക്ഷയുടെ മാതൃകയിൽ അഖിലേന്ത്യ ജുഡീഷ്യൽ സർവിസ് തുടങ്ങുക എന്നതല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ കീഴ്കോടതികളിലെ ജഡ്ജി നിയമനങ്ങൾ ഹൈകോടതി നേരിേട്ടാ, സംസ്ഥാന പബ്ലിക് സർവിസ് കമീഷൻ മുഖേനേയാ ആണ് നടത്തുന്നത്. യൂനിയൻ പബ്ലിക് സർവിസ് കമീഷന് കീഴ്കോടതി ജഡ്ജി നിയമന പരീക്ഷ നടത്താൻ കഴിയുമെന്ന് മന്ത്രി വിശദീകരിച്ചു.