നെഹ്റു യുവ കേന്ദ്രയുടെ പേര് മാറ്റി; കാരണം വ്യക്തമാക്കാതെ കേന്ദ്ര സർക്കാർ
text_fieldsന്യൂഡൽഹി: കേന്ദ്ര കായിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നെഹ്റു യുവ കേന്ദ്ര (എൻ.വൈ.കെ)യുടെ പേര് മാറ്റി കേന്ദ്ര സർക്കാർ. മേരാ യുവഭാരത് എന്നാണ് പുതിയ പേര്. എൻ.വൈ.കെയുടെ വെബ്സൈറ്റിലും ഇപ്പോൾ പുതിയ പേരാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൈ ഭാരത് എന്ന ഇംഗ്ലീഷ് നാമവുമുണ്ട്. പേരുമാറ്റം സംബന്ധിച്ച് ഇന്നലെയാണ് നെഹ്റു യുവകേന്ദ്ര കോർഡിനേറ്റർമാർക്കും നോഡൽ ഓഫീസർമാർക്കും അറിയിപ്പ് ലഭിക്കുന്നത്. ലോഗോ ഉൾപ്പെടെ മാറ്റാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു. എന്നാൽ പേരുമാറ്റത്തിന് പിന്നിലെ കാരണം വ്യക്തമാക്കാൻ കേന്ദ്രം തയാറായിട്ടില്ല.
പേരുമാറ്റം സംബന്ധിച്ച് രാജ്യവ്യാപകമായി പ്രതിഷേധം ഉയരുന്നുണ്ട്. ഇന്നലെ പുറത്തിറങ്ങിയ ഉത്തരവ് പ്രകാരം ജില്ലാ ഓഫീസർമാർ പേര് മാറ്റത്തിനായുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചതായാണ് വിവരം.1972ലാണ് നെഹ്റു യുവ കേന്ദ്ര പ്രവർത്തനം ആരംഭിക്കുന്നത്. ഗ്രാമീണ യുവാക്കൾക്ക് രാഷ്ട്രനിർമാണ പ്രക്രിയയിൽ പങ്കാളികളാകാൻ അവസരമൊരുക്കുക, അതോടൊപ്പം അവരുടെ വ്യക്തിത്വത്തിന്റെയും കഴിവുകളുടെയും വികസനത്തിന് അവസരങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെയാണ് നെഹ്‌റു യുവ കേന്ദ്രങ്ങൾ സ്ഥാപിതമായത്. 1987-88ൽ ഈ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളിൽ മേൽനോട്ടം വഹിക്കാൻ കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയങ്ങളെ ചുമതലപ്പെടുത്തിയിരുന്നു. താഴേത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ യുവജന സംഘടനയാണ് നെഹ്റു യുവ കേന്ദ്ര.
അതേസമയം പേരുമാറ്റത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് വി.ടി ബൽറാം രംഗത്ത് എത്തി. പേരുമാറ്റം ശുദ്ധ തോന്ന്യാസമാണെന്നും സൃഷ്ടിപരമായ ഒന്നും ചെയ്യാനില്ലാത്തവർക്ക് ആകെ കഴിയുന്നത് വല്ലവരും ഉണ്ടാക്കിവച്ചതിന്റെ പേര് മാറ്റുക അല്ലെങ്കിൽ അതിനെ നശിപ്പിക്കുക എന്നത് മാത്രമാണെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

