‘ബിജെപിയെ എതിർക്കുന്നവർ അത് തെളിയിക്കണം’; കർണാടക സർക്കാറിനെതിരെ നേഹ ബോറ
text_fieldsബംഗളൂരു: ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും മോചനം ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ച വിദ്യാർഥികൾക്കെതിരെ കേസെടുത്ത കർണാടക സർക്കാരിനെതിരെ ജന്തർമന്തർ പ്രക്ഷോഭ നേതാവും ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) ദേശീയ അധ്യക്ഷയുമായ നേഹ ബോറ. ബിജെപിയെ എതിർക്കുന്നുവെന്ന് അവകാശപ്പെടുന്ന രാഷ്ട്രീയ പാർട്ടികൾ വിദ്യാർഥികളോടുള്ള സമീപനത്തിലും അത് തെളിയിക്കണമെന്ന് അവർ പറഞ്ഞു.
ബംഗളൂരുവിൽ നടന്ന ‘ജെൻ സി ഓൺ ദ മാർച്ച്’ പരിപാടിയിലായിരുന്നു നേഹ ബോറയുടെ വിമർശനം. ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധങ്ങൾക്ക് കോൺഗ്രസ് പിന്തുണ നൽകിയപ്പോഴും കർണാടകയിൽ സമാനമായ പ്രതിഷേധം നടത്തിയ വിദ്യാർഥികൾക്കെതിരെ കേസെടുത്തത് എന്തുകൊണ്ടാണെന്ന് അവർ ചോദിച്ചു. ബി.ജെ.പിയെ എതിർക്കുന്ന പാർട്ടികൾ വിദ്യാർഥികളെയും യുവാക്കളെയും അതേ രീതിയിൽ നേരിട്ടാൽ അവർക്കും ബി.ജെ.പിക്ക് ലഭിക്കുന്ന അതേ തരത്തിലുള്ള പ്രതികരണം നേരിടേണ്ടിവരുമെന്നും അവർ മുന്നറിയിപ്പ് നൽകി.
കർണാടകയിലെ അസിം പ്രേംജി സർവകലാശാലയിലെ വിദ്യാർഥികൾ ക്യാമ്പസിലെ ജനാധിപത്യപരമായ ചർച്ചകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നതിനെതിരെ പോരാടുകയാണെന്നും നേഹ ബോറ പറഞ്ഞു. 1991ലെ കുനൻ-പോഷ്പോറ സംഭവത്തെക്കുറിച്ച് ചർച്ച നടത്തിയതിന് ചില വിദ്യാർഥികളെ രണ്ടുവർഷത്തേക്ക് സസ്പെൻഡ് ചെയ്ത സംഭവവും അവർ പരാമർശിച്ചു.
ബി.ജെ.പി ഭരണകാലത്തെ നോട്ടുനിരോധനം ഉൾപ്പെടെയുള്ള സംഭവങ്ങളും വിവിധ ജനകീയ പ്രതിഷേധങ്ങളും പരാമർശിച്ച നേഹ ബോറ യുവാക്കളോട് ‘പഠിക്കുക, സംഘടിക്കുക, പ്രക്ഷോഭം നടത്തുക’ എന്ന് ആഹ്വാനം ചെയ്തു.
പരിപാടിയിൽ നടൻ കിഷോറും സംഗീതജ്ഞൻ ടി.എം. കൃഷ്ണയും പങ്കെടുത്തു. ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും പേരുകൾ പറയുന്നതിനും ‘ആസാദി’ മുദ്രാവാക്യം ഉയർത്തുന്നതിനുമെതിരായ നടപടിയെ കിഷോർ ചോദ്യം ചെയ്തു. ചില വ്യക്തികളെയും സമൂഹങ്ങളെയും ചരിത്രങ്ങളെയും ഒഴിവാക്കിയുള്ള ഐക്യത്തിന്റെ അർഥം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. രോഹിത് വേമുല, ഗസ്സയിലെയും യുക്രെയ്‌നിലെയും ഇരകൾ ഉൾപ്പെടെയുള്ള മറ്റ് അനീതികളും മറക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവാക്കൾ രാഷ്ട്രീയത്തിലേക്ക് പുതിയ ആശയങ്ങളും സർഗാത്മകതയും കൊണ്ടുവരുന്നുണ്ടെന്നും ടി.എം. കൃഷ്ണ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

