ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിയിൽ നിലനിൽക്കുന്ന തർക്കം പരിഹരിക്കാനുള്ള ഏക പോംവഴി ചർച്ചകളാണെന്ന് ഇന്ത്യ. അതിർത്തിയിലെ ഏകപക്ഷീയമായ ചൈനീസ് നടപടികൾ തുടരുന്നതിനിടെയാണ് ഇന്ത്യയുടെ പ്രതികരണം. അതേസമയം, അതിർത്തിയിലെ സംഘർഷങ്ങളിൽ ചൈന ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.
നയതന്ത്രതലത്തിലും സൈനികതലത്തിലും ചൈനയുമായി ഈ വിഷയം ചർച്ച ചെയ്യുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിർത്തിയിലെ സ്ഥിതി ഉത്തരവാദിത്തത്തോടെ കൈകാര്യം ചെയ്യണമെന്നും ഇരുവിഭാഗവും പ്രകോപനപരമായ നടപടികളൊന്നും സ്വീകരിക്കുകയോ ചെയ്യരുതെന്നും രണ്ട് വിദേശകാര്യ മന്ത്രിമാരും പ്രത്യേക പ്രതിനിധികളും തമ്മിലുള്ള ചർച്ചയിൽ ധാരണയായിരുന്നു. ഇത് കുറേ മാസങ്ങളായി പാലിച്ച് പോന്നിരുന്നു. അത് തകർക്കാനുള്ള നീക്കങ്ങളാണ് ചൈനയുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നും വിദേശകാര്യമന്ത്രാലയം വക്താവ് രവീഷ് കുമാർ പ്രതികരിച്ചു.
നേരത്തെ 118 ആപുകൾ നിരോധിച്ച ഇന്ത്യയുടെ നടപടിക്കെതിരെ ചൈന രംഗത്തെത്തിയിരുന്നു. ഇത്തരം നടപടികൾ ഇന്ത്യയിലെ ചൈനീസ് നിക്ഷേപകരുടേയും സേവനദാതാക്കളുടേയും താൽപര്യങ്ങൾ ഹനിക്കുന്നതാണെന്നും ചൈന കുറ്റപ്പെടുത്തിയിരുന്നു.