നീറ്റ് പരീക്ഷാ പൂർണ്ണമായും നിർത്തലാക്കണം; കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി വിജയ്
text_fieldsചെന്നൈ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് പരീക്ഷ റദ്ദാക്കേണ്ടി വന്ന പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്. ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് പൂർണ്ണമായും ഉപേക്ഷിക്കണമെന്നും പന്ത്രണ്ടാം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ പ്രവേശനം നടത്താൻ സംസ്ഥാനങ്ങളെ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ ദശലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയാണ് പരീക്ഷാ നടത്തിപ്പിലെ അപാകതകൾ മൂലം അനിശ്ചിതത്വത്തിലായിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗ്രാമീണ മേഖലയിൽ നിന്നുള്ളവർക്കും സർക്കാർ സ്കൂളുകളിലും പ്രാദേശിക ഭാഷാ മീഡിയങ്ങളിലും പഠിക്കുന്നവർക്കും നീറ്റ് വലിയ തിരിച്ചടിയാണെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു. പാവപ്പെട്ട വിദ്യാർഥികളുടെ ഡോക്ടർ സ്വപ്നങ്ങൾക്ക് ഈ പരീക്ഷ തടസ്സമാകുകയാണ്. അതിനാൽ എം.ബി.ബി.എസ്, ബി.ഡി.എസ്, ആയുഷ് കോഴ്സുകളിലേക്കുള്ള പ്രവേശനാധികാരം പന്ത്രണ്ടാം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് വിട്ടുനൽകണമെന്ന് തമിഴ്‌നാട് കേന്ദ്രത്തോട് ഔദ്യോഗികമായി ആവശ്യപ്പെട്ടു. നീറ്റിനെതിരായ തമിഴ്‌നാടിന്റെ സമരപോരാട്ടങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മെയ് മൂന്നിന് നടന്ന പരീക്ഷയിൽ തമിഴ്‌നാട്ടിൽ നിന്നുള്ള 1.4 ലക്ഷം പേരുൾപ്പെടെ 22 ലക്ഷത്തോളം വിദ്യാർഥികളാണ് പങ്കെടുത്തത്. ക്രമക്കേടുകൾ അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചതോടെ പരീക്ഷ റദ്ദാക്കി സി.ബി.ഐ അന്വേഷണത്തിന് കേന്ദ്രം ഉത്തരവിടുകയായിരുന്നു. കഴിഞ്ഞ വർഷവും സമാനമായ ചോർച്ചയുണ്ടായതും ഡോ. കെ. രാധാകൃഷ്ണൻ സമിതി പരിഷ്കാരങ്ങൾ നിർദ്ദേശിച്ചിട്ടും വീഴ്ചകൾ ആവർത്തിക്കുന്നതും പരീക്ഷാ സംവിധാനത്തിന്റെ സമ്പൂർണ്ണ പരാജയമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ദേശീയതലത്തിലുള്ള ഇത്തരം പരീക്ഷകളുടെ ഘടനാപരമായ പിഴവുകൾക്കുള്ള തെളിവാണിതെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

