680 മാർക്ക് പ്രതീക്ഷിച്ച നീറ്റ് വിദ്യാർഥിക്ക് ലഭിച്ചത് 160; പരിശോധിച്ചപ്പോൾ എൻ.ടി.എയുടെ കണക്കുകൂട്ടൽ ശരി, 25,000 രൂപ പിഴ ചുമത്തി
text_fieldsപ്രതീകാത്മക ചിത്രം
നാഗ്പൂർ: നീറ്റ് യുജി 2026 പരീക്ഷയിൽ 720ൽ 680 മാർക്ക് ലഭിക്കുമെന്ന പ്രതീക്ഷിച്ച് 160 മാർക്ക് മാത്രം ലഭിച്ചതിനെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ച വിദ്യാർഥിക്ക് തിരിച്ചടി. യഥാർഥ ഒ.എം.ആർ ഉത്തരക്കടലാസ് പരിശോധിച്ചപ്പോൾ എൻ.ടി.എ നൽകിയ 160 മാർക്ക് തന്നെയാണ് ശരിയെന്ന് വിദ്യാർഥി സമ്മതിച്ചതോടെ ബോംബെ ഹൈക്കോടതി നാഗ്പൂർ ബെഞ്ച് ഹരജി തള്ളി. 25,000 രൂപ പിഴ കോടതി ചുമത്തി.
മെഡിക്കൽ പ്രവേശനം ലക്ഷ്യമിട്ടിരുന്ന വിദ്യാർഥിയാണ് മാതാവ് മുഖേന ഹരജി നൽകിയത്. ജൂലൈ 16ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പുറത്തുവിട്ട സ്കോർകാർഡിൽ 720ൽ 160 മാർക്ക് മാത്രമാണ് ലഭിച്ചതെന്നായിരുന്നു പരാതി. എന്നാൽ പരീക്ഷയിൽ രേഖപ്പെടുത്തിയ ഉത്തരങ്ങളും ഔദ്യോഗിക ഉത്തരസൂചികയും പരിശോധിച്ചപ്പോൾ ഏകദേശം 680 മാർക്ക് ലഭിക്കേണ്ടതായിരുന്നുവെന്നും സ്കോർകാർഡ് റദ്ദാക്കി യഥാർഥ ഒ.എം.ആർ ഷീറ്റ് പരിശോധിച്ച് മാർക്ക് വീണ്ടും കണക്കാക്കണമെന്നുമാണ് വിദ്യാർഥി ഹരജിയിൽ ആവശ്യപ്പെട്ടത്.
കേസിനിടെ യഥാർഥ ഒ.എം.ആർ ഉത്തരക്കടലാസ് നേരിട്ട് പരിശോധിക്കാൻ വിദ്യാർഥിക്ക് കോടതി അവസരം നൽകി. തന്റെ വാദം തെറ്റാണെന്ന് തെളിഞ്ഞാൽ നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടാൻ തയ്യാറാണെന്നും വിദ്യാർഥി കോടതിയെ അറിയിച്ചിരുന്നു.
എന്നാൽ ഒ.എം.ആർ ഷീറ്റ് പരിശോധിച്ചശേഷം എൻ.ടി.എ നൽകിയ 160 മാർക്ക് തന്നെയാണ് ശരിയെന്ന് വിദ്യാർഥി സമ്മതിച്ചതായി അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇതോടെ കേസ് പരിഗണിക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.
ഒ.എം.ആർ ഷീറ്റ് പരിശോധിക്കണമെന്ന് വിദ്യാർഥി പലതവണ ആവശ്യപ്പെട്ടതിനെ തുടർന്ന് ബന്ധപ്പെട്ട അധികൃതർക്ക് ആവശ്യമായ ഭരണനടപടികൾ സ്വീകരിക്കേണ്ടിവന്നതും കോടതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ ഹരജിക്കാരിയുടെ നടപടി തികച്ചും കുറ്റപ്പെടുത്തേണ്ടതാണെന്ന് ബെഞ്ച് നിരീക്ഷിച്ചു.
ജസ്റ്റിസുമാരായ അനിൽ എസ്. കിലോർ, രാജ്നീഷ് ആർ. വ്യാസ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. 50,000 രൂപ പിഴ ചുമത്താനായിരുന്നു കോടതി ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ വിദ്യാർഥിയുടെ പ്രായം പരിഗണിച്ച് തുക 25,000 രൂപയായി കുറച്ചു.
തുക നാല് ആഴ്ചക്കുള്ളിൽ വിദ്യാർഥിയുടെ അമ്മ നാഗ്പൂരിലെ ഹൈക്കോടതി ശാഖയിലെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ പബ്ലിക് വെൽഫെയർ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും കോടതി നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

