നീറ്റ് പുനഃപരീക്ഷ നടത്തിപ്പ്: കേന്ദ്രം വ്യോമസേനയുടെ സഹായം തേടി, ചോദ്യപേപ്പറുകൾ സുരക്ഷിതമായും കൃതൃമായും എത്തിക്കുന്നതിനാണ് പുതിയ നീക്കം
text_fieldsന്യൂഡൽഹി: നീറ്റ് പുനഃപരീക്ഷ നടത്തിപ്പിനായി വ്യോമസേനയുടെ സഹായം തേടി കേന്ദ്രം. ചോദ്യപേപ്പറുകൾ സുരക്ഷിതമായി എത്തിക്കാൻ പുതിയ നീക്കവുമായാണ് കേന്ദ്ര സർക്കാർ പ്രതിരോധ സേനയുടെ സഹായം തേടിയതെന്ന് വിദ്യാഭ്യാസ മന്ത്രാലയം. വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനങ്ങൾ ഉപയോഗിച്ച് ചോദ്യ പേപ്പറുകൾ അതാത് സംസ്ഥാനങ്ങളിൽ എത്തിക്കാനാണ് നീക്കം.
ജൂൺ 21നാണ് നീറ്റ് പുനഃ പരീക്ഷ നിശ്ചയിച്ചത്. ജൂണിലെ കാലാവസ്ഥ, സുരക്ഷ തുടങ്ങി വിവിധ ഘടകങ്ങൾ പരിഗണിച്ചാണ് ഈ തീരുമാനമെന്നാണ് ലഭിക്കുന്ന സൂചന. മുൻക്കാലങ്ങളിൽ ചോദ്യപേപ്പർ വിതരണം ചെയ്തിരുന്നത് തപാൽ വകുപ്പായിരുന്നു. ഇതിനായി വായുസേനയുടെ സഹായം കൂടി തേടും. ഇത് ചോദ്യപേപ്പറിനെ കൃത്യസമയത്ത് ലക്ഷ്യസ്ഥാനത്തെത്തിക്കും. പരീക്ഷ സുതാര്യമായും സുഗമമായും നടത്തുന്നതിന് സർക്കാർ പൂർണസജ്ജമാണ് കേന്ദ്രം വ്യക്തമാക്കി.
ഇതിനിടെ നീറ്റ്-യു.ജി.സി പേപ്പർ ചോർച്ച കേസിലെ ഹരജി വെള്ളിയാഴ്ച സുപ്രീംകോടതി പരിഗണിക്കും. നാഷണൽ ടെസ്റ്റിങ് ഏജൻസി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് ഹരജി. ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മെഡിക്കൽ അസോസിയേഷൻ (എഫ്.ഐ.എം.എ), യുണൈറ്റഡ് ഡോക്‌ടേഴ്‌സ് ഫ്രണ്ട് (യു.ഡി.എഫ്) എന്നിവർ സമർപ്പിച്ച ഹരജികളാണ് കോടതി പരിഗണിക്കുന്നത്.
അതേസമയം, നീറ്റ് പരീക്ഷ പേപ്പർ ചോർച്ച വിവാദത്തിൽ കേന്ദ്ര സർക്കാറിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ പ്രധാനമന്ത്രി മന്ത്രിസഭയിൽനിന്ന് പുറത്താക്കണമെന്നും അല്ലെങ്കിൽ വിഷയത്തിൽ പ്രധാനമന്ത്രി വ്യക്തിപരമായ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
ബി.ജെ.പി-ആർ.എസ്.എസ് സഖ്യം രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പൂർണമായി തകർത്തതായും അദ്ദേഹം ആരോപിച്ചു. പരീക്ഷ എഴുതിയ 22 ലക്ഷത്തോളം വരുന്ന മെഡിക്കൽ വിദ്യാർഥികളുടെ കഠിനാധ്വാനമാണ് ഈ ക്രമക്കേടിലൂടെ പാഴായിപ്പോയതെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. സർവകലാശാലകളിൽ വൈസ് ചാൻസലർമാരായി വരാൻ ഇപ്പോൾ വിഷയത്തിലുള്ള അറിവോ പരിചയമോ അല്ല മാനദണ്ഡം, പകരം ആർ.എസ്.എസ് പ്രത്യയശാസ്ത്രം പിന്തുടരുന്നവരാണോയെന്നാണ് നോക്കുന്നത്. ഈ താൽപര്യങ്ങളാണ് രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ തകർത്തതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
എന്നാൽ, രാജ്യത്ത് ഇതിനകം എൺപതോളം തവണ പരീക്ഷാ പേപ്പർ ചോർച്ചകൾ ഉണ്ടായിട്ടുണ്ടെന്നും ഇത് രണ്ട് കോടിയോളം യുവാക്കളുടെ ഭാവിയാണ് തകർത്തതെന്നും ആരോപിച്ച പ്രതിപക്ഷം, മന്ത്രിയെ പുറത്താക്കി കുറ്റക്കാരെ ജയിലിലടക്കാൻ പ്രധാനമന്ത്രി തയാറാകണമെന്ന് ആവശ്യപ്പെടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

