നീറ്റ് ചോദ്യപേപ്പർ ചോർച്ച: രാജസ്ഥാനിൽ യുവമോർച്ച നേതാവും സഹോദരനും സി.ബി.ഐ കസ്റ്റഡിയിൽ
text_fieldsഭാരതീയ ജനത യുവമോർച്ച പ്രാദേശിക നേതാവായ ദിനേഷ് ബിവാൾ
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ച കേസിൽ രാജസ്ഥാനിലെ ജയ്പൂരിൽ യുവമോർച്ച നേതാവിനെയും സഹോദരനെയും സി.ബി.ഐ കസ്റ്റഡിയിലെടുത്തു. ബി.ജെ.പി യുവജന വിഭാഗം ഭാരതീയ ജനത യുവമോർച്ചയുടെ പ്രാദേശിക നേതാവായ ദിനേഷ് ബിവാളിനെയും സഹോദരൻ മാംഗിലാൽ ബിവാളിനെയുമാണ് കസ്റ്റഡിയിലെടുത്തത്.
ഗുരുഗ്രാം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കരിയർ കൗൺസിലർ യഷ് യാദവിൽനിന്ന് 15 ലക്ഷം രൂപ നൽകി ദിനേഷ് ബിവാൾ ചോദ്യപേപ്പർ സംഘടിപ്പിച്ചതെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഒ.ജി) പ്രാഥമിക റിപ്പോർട്ട്. കേസിലെ പ്രധാന പ്രതിയായ ശുഭം ഖൈർനാറിൽനിന്നാണ് യഷ് യാദവ് ചോദ്യപേപ്പർ വാങ്ങിയത്. മേയ് മൂന്നിന് നടന്ന പരീക്ഷയ്ക്ക് നാല് ദിവസം മുമ്പുതന്നെ ചോദ്യപേപ്പർ ദിനേഷ് ബിവാളിന് ലഭിച്ചതായാണ് സൂചന.
പരീക്ഷാ അട്ടിമറിയുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ രണ്ട് ഡസനോളം പേരെ സി.ബി.ഐ ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കഴിഞ്ഞ വർഷവും ഇതേ സംഘം വഴി ചോദ്യപേപ്പർ ലഭിച്ചിട്ടുണ്ടെന്നും ഇതിലൂടെയാണ് ബിവാളിന്റെ കുടുംബത്തിലെ നാല് പേർ പരീക്ഷ പാസായതെന്നും അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു. അതും നിലവിൽ സി.ബി.ഐ അന്വേഷിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.
ബി.ജെ.പി നിയമസഭ അംഗങ്ങളുമായും സംസ്ഥാന നേതാക്കളുമായും അടുത്ത സ്വാധീനമുള്ളയാളാണ് ദിനേഷ് ബിവാൾ. കേസിൽ സംസ്ഥാന പോലീസിന്റെ സ്പെഷൽ ഓപറേഷൻ ഗ്രൂപ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വൈകിയതിനെ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട് രൂക്ഷമായി വിമർശിച്ചു. കേസ് അട്ടിമറിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.
കേസിലെ പ്രധാന പ്രതി ശുഭം ഖൈർനാറിന് ചോദ്യപേപ്പറിന്റെ പകർപ്പ് കൊറിയർ വഴി അയച്ചു നൽകിയ മഹാരാഷ്ട്ര സ്വദേശി ധനഞ്ജയ് ലോഖണ്ഡെയെയും സി.ബി.ഐ തിരിച്ചറിഞ്ഞിട്ടുണ്ട്. പുനെയിലെ വാഘോളിയിൽ താമസിക്കുന്ന ലോഖണ്ഡെയെ സാങ്കേതിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തിയത്. ക്രിമിനൽ ഗൂഢാലോചന, വഞ്ചന, വിശ്വാസവഞ്ചന, തെളിവ് നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾക്ക് പുറമെ പൊതുപരീക്ഷാ വിരുദ്ധ നിയമപ്രകാരവും സി.ബി.ഐ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

