നീറ്റ് ചോദ്യപേപ്പർ വിതരണത്തിന് വ്യോമസേന! കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചൊഴിയേണ്ട സമയം കഴിഞ്ഞില്ലേ?
text_fieldsഒടുവിൽ, നീറ്റ് പുനഃപരീക്ഷയുടെ ചോദ്യപേപ്പർ എത്തുന്നത് വിമാനത്തിൽ. വിതരണത്തിന് വായുസേനയുടെ സഹായം. ഒരു പരീക്ഷ നേരാം വണ്ണം നടത്താൻ കഴിയാത്ത കേന്ദ്ര വിദ്യാഭ്യാസ വകുപ്പുമന്ത്രി ധർമേന്ദ്ര പ്രധാൻ ധാർമ്മികമായി രാജിവെച്ചൊഴിയേണ്ട സമയം കഴിഞ്ഞില്ലേ?
പരീക്ഷ നടത്തേണ്ടവരെ വിശ്വാസത്തിലെടുക്കാൻ ക്രേന്ദ്രസർക്കാറിന് കഴിയുന്നില്ലെന്ന് പരസ്യമായി സമ്മതിക്കേണ്ടി വന്നിരിക്കുകയാണ്. ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി വെച്ചാണ് നമ്മുടെ ഭരണാധികാരികൾ ഒത്തുകളിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച കേവലമൊരു അഴിമതിയല്ല. അത് രാജ്യത്തെ പരീക്ഷാ സംവിധാനത്തിന്റെ സമ്പൂർണമായ തകർച്ചയാണ്. 24 ലക്ഷത്തിലധികം വിദ്യാർഥികൾ വർഷങ്ങളോളം കഠിനാധ്വാനം ചെയ്ത് എഴുതിയ പരീക്ഷയാണിത്. എന്നാൽ ലക്ഷങ്ങൾ കൊടുത്ത് ചോദ്യപേപ്പർ മുൻകൂട്ടി വാങ്ങാൻ ഇവിടെ ആളുണ്ടായി. ഏറെയും ബി.ജെ.പി നേതാക്കളാണെന്നത് മറക്കരുത്. ബിഹാറിലും ഗുജറാത്തിലും ഹരിയാനയിലുമെല്ലാം ഉയർന്ന ചോദ്യപേപ്പർ മാഫിയയുടെ കരിനിഴൽ രാജ്യത്തെ ഒന്നാകെ നാണംകെടുത്തി. ഒടുവിൽ കേന്ദ്ര ഏജൻസിയായ സി.ബി.ഐക്ക് തന്നെ അന്വേഷണം കൈമാറേണ്ടി വന്നു. എന്തുകൊണ്ടാണ് ഇതിനെ ഒരു ഭരണ പരാജയം എന്ന് വിളിക്കുന്നത്? പ്രധാനമായും മൂന്ന് കാരണങ്ങൾ നമുക്ക് മുന്നിലുണ്ട്.
ഒന്ന്: നാഷണൽ ടെസ്റ്റിംഗ് ഏജൻസി അഥവാ NTA എന്ന കേന്ദ്ര പൊതുപരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത തകർന്നു. സുരക്ഷിതമായി ഒരു പരീക്ഷ നടത്താൻ പോലും ഈ സംവിധാനത്തിന് സാധിക്കുന്നില്ല.
രണ്ട്: ഇത്രയും വലിയൊരു മാഫിയ രാജ്യത്ത് പ്രവർത്തിച്ചിട്ടും രഹസ്യാന്വേഷണ വിഭാഗങ്ങൾക്കോ ആഭ്യന്തര മന്ത്രാലയത്തിനോ ഇത് മുൻകൂട്ടി കണ്ടെത്താൻ കഴിഞ്ഞില്ല.
മൂന്ന്: തുടക്കത്തിൽ ചോർച്ചയേ ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ് കൈമലർത്തിയ വിദ്യാഭ്യാസ മന്ത്രാലയം, പിന്നീട് തെളിവുകൾ പുറത്തുവന്നപ്പോൾ മാത്രമാണ് പരാജയം സമ്മതിക്കാൻ തയ്യാറായത്. ഇതിന്റെയെല്ലാം ആഘാതം അനുഭവിക്കുന്നത് ആരാണ്? സാധാരണക്കാരായ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളുമാണ്. ഒരു പരീക്ഷയ്ക്കായി ലക്ഷങ്ങൾ കടം വാങ്ങിയും കോച്ചിംഗിന് വിട്ടും കാത്തിരുന്നവരുടെ സ്വപ്നങ്ങളാണ് ഇവിടെ തകർന്നത്. പരീക്ഷ റദ്ദാക്കുന്നതും പുനഃപരീക്ഷ നടത്തുന്നതും കേൾക്കാൻ എളുപ്പമാണ്. എന്നാൽ ഒരു വിദ്യാർത്ഥി അനുഭവിക്കുന്ന മാനസിക സമ്മർദ്ദം ഈ ഭരണാധികാരികൾക്ക് മനസ്സിലാകുമോ?
സുപ്രീം കോടതിക്ക് വരെ കടുത്ത ഭാഷയിൽ ഈ വിഷയത്തിൽ ഇടപെടേണ്ടി വന്നു. പരീക്ഷകളുടെ സുതാര്യത ഉറപ്പാക്കാൻ പുതിയ നിയമങ്ങൾ കൊണ്ടുവന്നെങ്കിലും, നിലവിലുള്ള സംവിധാനങ്ങളിലെ പഴുതുകൾ അടയ്ക്കാതെ ഇത്തരം നിയമങ്ങൾ വെറും പ്രഖ്യാപനങ്ങൾ മാത്രമായി ഒതുങ്ങും എന്നതിന് തെളിവാണ് നീറ്റിന് തൊട്ടുപിന്നാലെ റദ്ദാക്കേണ്ടി വന്ന മറ്റ് ദേശീയ പരീക്ഷകളും. പരീക്ഷാ കേന്ദ്രങ്ങളിൽ ഉദ്യോഗാർത്ഥികളുടെ പേനയും ബെൽറ്റും വരെ അഴിപ്പിച്ച് പരിശോധിക്കുന്നവർ, സ്വന്തം ഓഫീസുകളിൽ നിന്ന് ചോദ്യപേപ്പർ ചോരുന്നത് തടയാൻ കഴിയാത്തത് എന്ത് ദുരന്തമാണ്? ഡിജിറ്റൽ ഇന്ത്യയെക്കുറിച്ച് സംസാരിക്കുമ്പോൾ, നമ്മുടെ പരീക്ഷാ പേപ്പറുകൾ ഇന്നും സുരക്ഷിതമല്ല എന്നത് ഭരണാധികാരികൾക്ക് നേരെ വിരൽ ചൂണ്ടുന്നതാണ്. ഭാവിയെക്കുറിച്ചുള്ള ആശങ്കകളില്ലാതെ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഇനി എന്ന് പരീക്ഷ എഴുതാൻ കഴിയും എന്ന ചോദ്യം ഉയരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

