Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നീറ്റ് ചോദ്യപേപ്പർ ചോർച്ച:രാജസ്ഥാനിലെ കെമിസ്ട്രി അധ്യാപകൻ വൻ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് ഇങ്ങനെ!

text_fields
bookmark_border
നീറ്റ് ചോദ്യപേപ്പർ ചോർച്ച:രാജസ്ഥാനിലെ കെമിസ്ട്രി അധ്യാപകൻ വൻ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത് ഇങ്ങനെ!
cancel
camera_altഫോട്ടോ കടപ്പാട് ഹിന്ദുസ്ഥാൻ ടൈംസ്

ന്യൂഡൽഹി: രാജ്യത്തെ പ്രധാന മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി പരീക്ഷയുടെ ചോദ്യപേപ്പർ ചോർച്ചക്ക് പിന്നിലെ ചുരുളഴിച്ചത് രാജസ്ഥാനിലെ സീക്കറിലുള്ള ഒരു സാധാരണ കെമിസ്ട്രി അധ്യാപകൻ. പരീക്ഷക്ക് മണിക്കൂറുകൾക്ക് മുൻപ് വാട്സാപ്പിൽ ലഭിച്ച ഒരു ഗസ് പേപ്പർ യഥാർത്ഥ ചോദ്യപേപ്പറുമായി 100 ശതമാനം ഒത്തുപോയത് യാദൃശ്ചികമായി കണ്ടെത്തിയതാണ് രാജ്യത്തെ ഏറ്റവും വലിയ പരീക്ഷാ അഴിമതി പുറത്തുകൊണ്ടുവരാൻ കാരണമായത്. ഈ കണ്ടെത്തലിനെത്തുടർന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി പരീക്ഷ റദ്ദാക്കുകയും കേസ് സി.ബി.ഐ ഏറ്റെടുക്കുകയും ചെയ്തു.

കേരളത്തിൽ നിന്ന് വന്ന 'ഗസ് പേപ്പർ'

മേയ് 3-ന് നടന്ന നീറ്റ് പരീക്ഷക്ക് ശേഷം ഒരു വിദ്യാർത്ഥി തന്റെ രസതന്ത്ര അധ്യാപകനെ സമീപിച്ച് “ഗസ് പേപ്പർ” എന്ന പേരിൽ ലഭിച്ച പി.ഡി.എഫ് ഫയലുകൾ കാണിക്കുകയായിരുന്നു. ഹോസ്റ്റൽ ഉടമ അയച്ചതായി പറയുന്ന പേപ്പർ കോച്ചിംഗ് ഹബ്ബുകളിൽ വരാറുള്ള സാധാരണ ഒരു വ്യാജ ചോദ്യപേപ്പർ ആയിരിക്കും ഇതെന്നാണ് അധ്യാപകൻ കരുതിയത്. എന്നാൽ ഫോണിലെ പി.ഡി.എഫ് പരിശോധിച്ച അദ്ദേഹം ഞെട്ടി.

കെമിസ്ട്രി വിഭാഗത്തിലെ 45 ചോദ്യങ്ങളും യഥാർത്ഥ നീറ്റ് പരീക്ഷയിലെ ചോദ്യങ്ങളുമായി 100 ശതമാനം കൃത്യമായി ഒത്തുപോകുന്നു. അധ്യാപകൻ ഉടൻ തന്നെ തന്റെ സുഹൃത്തായ ഒരു ബയോളജി അധ്യാപകനെക്കൂടി വിളിച്ചുവരുത്തി. അവർ മണിക്കൂറുകളോളം ഇരുന്ന് ഓരോ ചോദ്യവും ഒത്തുനോക്കി. ഒടുവിൽ ആ പി.ഡി.എഫിൽ ഉണ്ടായിരുന്ന 90 ബയോളജി ചോദ്യങ്ങളും പരീക്ഷക്ക് വന്ന ചോദ്യങ്ങൾ തന്നെയാണെന്ന് സ്ഥിരീകരിക്കുന്നു. മൊത്തം 180 ചോദ്യങ്ങളിൽ 135 ചോദ്യങ്ങളും (720-ൽ 600 മാർക്കിനുള്ള ചോദ്യങ്ങൾ) പരീക്ഷക്ക് മുൻപ് ചോർന്ന ആ പി.ഡി.എഫിൽ ഉണ്ടായിരുന്നു.

സ്റ്റുഡന്റ് ഹോസ്റ്റൽ ഉടമയുടെ മകനായ, കേരളത്തിൽ എം.ബി.ബി.എസിന് പഠിക്കുന്ന വിദ്യാർത്ഥിക്ക് വാട്സാപ്പിൽ ലഭിച്ച കൈകൊണ്ട് എഴുതിയ 60 പേജുകളുളളതും ടൈപ്പ് ചെയ്ത 87 പേജുകളുമുള്ള രണ്ട് പി.ഡി.എഫ് ഫയലുകൾ പിതാവിന്റെ ഹോസ്റ്റൽ കുട്ടികൾക്ക് പരീക്ഷക്ക് സഹായകരമാകട്ടെ എന്ന് കരുതി ഈ വിദ്യാർത്ഥി ഈ ഫയൽ അച്ഛന് ഫോർവേഡ് ചെയ്യുകയായിരുന്നു.

പൊലീസിന്റെ അവഗണന; കേന്ദ്രത്തിന് ഇ-മെയിൽ

ഇതൊരു വലിയ മാഫിയയുടെ നീക്കമാണെന്ന് മനസ്സിലാക്കിയ അധ്യാപകൻ ഉടൻ തന്നെ സീക്കറിലെ പ്രാദേശിക പൊലീസ് സ്റ്റേഷനെ സമീപിച്ചെങ്കിലും അവിടെയുള്ള ഉദ്യോഗസ്ഥർ ഇത് ഗൗരവമായി എടുത്തില്ല. തുടർന്ന്, താൻ ജോലി ചെയ്യുന്ന കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ഉടമയുടെ സഹായത്തോടെ അധ്യാപകൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും തെളിവുകൾ സഹിതം വിശദമായ ഇ-മെയിൽ പരാതി അയച്ചു. പരീക്ഷക്ക് മുൻപാണ് ഈ ചോദ്യങ്ങൾ ഫോണിൽ വന്നതെന്ന് തെളിയിക്കാൻ തന്റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനക്ക് വിട്ടുനൽകാനും അദ്ദേഹം തയ്യാറായി.

അന്വേഷണം സി.ബി.ഐയിലേക്ക്

അധ്യാപകന്റെ കൃത്യമായ ടൈംലൈൻ സഹിതമുള്ള ഇ-മെയിൽ ലഭിച്ചതോടെ കേന്ദ്ര ഏജൻസികൾ ഉണർന്നുപ്രവർത്തിച്ചു. രാജസ്ഥാൻ പൊലീസിന്റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് പ്രാഥമിക അന്വേഷണം നടത്തുകയും തുടർന്ന് കേസിന്റെ വ്യാപ്തി കണക്കിലെടുത്ത് കേന്ദ്ര സർക്കാർ അന്വേഷണം സി.ബി.ഐക്ക് കൈമാറുകയും ചെയ്തു. ബിഹാർ, ഡൽഹി, മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്ന വലിയൊരു മാഫിയയാണ് ഈ പേപ്പർ ചോർച്ചക്ക് പിന്നിലെന്ന് സി.ബി.ഐ കണ്ടെത്തുകയും നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - NEET Paper Leak: How a Chemistry Teacher from Rajasthan Exposed the Massive Scam!
Next Story