നീറ്റ് ചോർച്ച: കുറ്റപത്രത്തിലെ വിവരങ്ങളും സാക്ഷികളുടെ പേരുകളും മാധ്യമങ്ങളിൽ; കടുത്ത ഞെട്ടൽ രേഖപ്പെടുത്തി ഡൽഹി കോടതി
text_fieldsന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ചക്കേസിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലെ വിവരങ്ങളും പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെയുള്ള സാക്ഷികളുടെ പേരുകളും മാധ്യമങ്ങൾ നൽകുന്നതിൽ കടുത്ത ആശങ്കയും ഞെട്ടലും രേഖപ്പെടുത്തി ദില്ലിയിലെ പ്രത്യേക കോടതി. റോസ് അവന്യൂവിലെ ഫാസ്റ്റ് ട്രാക്ക് കോടതിയിലെ സ്പെഷ്യൽ ജഡ്ജ് അജയ് ഗുപ്തയാണ് സംഭവത്തിൽ കടുത്ത വിയോജിപ്പ് അറിയിച്ചത്.
കോടതിയുടെ പരിഗണനയിലുള്ളതും ഇനിയും പരസ്യമായി ചർച്ച ചെയ്യാത്തതുമായ വിവരങ്ങളാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നതെന്ന് വിചാരണകോടതി നിരീക്ഷിച്ചു. കേസിന്റെ വിചാരണയെയും നിഷ്പക്ഷതയെയും ബാധിക്കുന്ന രീതിയിലാകരുത് റിപ്പോർട്ടിങ്ങെന്നും, ഇതിൽ മാധ്യമങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്നും കോടതി ഓർമ്മിപ്പിച്ചു.
പ്രായം തികയാത്ത സാക്ഷികളുടെ പേരുകൾ ഉൾപ്പെടെ പരസ്യമാക്കപ്പെട്ടത് സിബിഐയുടെ അഭിഭാഷകൻ കോടതിയിൽ ഉന്നയിച്ചതിനെത്തുടർന്നാണ് കോടതിയുടെ ഈ പ്രതികരണം. കുറ്റപത്രം കോടതിയിൽ സമർപ്പിക്കുന്നതിന് മുൻപ് തന്നെ അതിന്റെ പകർപ്പുകൾ മാധ്യമങ്ങൾക്ക് ലഭിച്ചതായി പ്രതിഭാഗവും ആരോപിച്ചു. സംഭവത്തിൽ മാധ്യമ റിപ്പോർട്ടുകൾ പരിശോധിച്ച ശേഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് സ്പെഷ്യൽ ജഡ്ജ് വ്യക്തമാക്കി.
കുറ്റപത്രത്തിലെയും തെളിവുകളിലെയും വിവരങ്ങൾ സാക്ഷികളായ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വിവരങ്ങൾ ഉൾപ്പെടെ പരസ്യപ്പെടുത്തുന്നത് അവരുടെ സുരക്ഷയെയും വ്യക്തിജീവിതത്തെയും പ്രതികൂലമായി ബാധിക്കുമെന്ന് സ്പെഷ്യൽ ജഡ്ജ് ചൂണ്ടിക്കാട്ടി. ഇത് സാക്ഷികളെ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ ഉള്ള സാധ്യത കൂട്ടുമെന്നും, ഇത്തരം നീക്കങ്ങൾ നീതിയുക്തമായ വിചാരണയെ തടസ്സപ്പെടുത്തുമെന്നും കോടതി നിരീക്ഷിച്ചു.
വിവരങ്ങൾ ചോർന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് പ്രതിഭാഗവും സിബിഐയും ഒരുപോലെ ആവശ്യമുന്നയിച്ചിട്ടുണ്ട്. കേസിന്റെ അന്വേഷണരേഖകളും കുറ്റപത്രത്തിലെ വിവരങ്ങളും മാധ്യമങ്ങൾക്ക് എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് ആവശ്യമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കോടതി നിർദ്ദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

