നീറ്റ് പരീക്ഷ: വിശ്വാസ്യത ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു -ഷാഫി പറമ്പിൽ എം.പി
text_fieldsന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് നടത്തിപ്പിൽ കേന്ദ്ര സർക്കാർ തുടർച്ചയായി പ്രകടിപ്പിച്ച ഗുരുതര വീഴ്ചകളും ദേശീയ പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത തകർന്ന സാഹചര്യവും ചർച്ച ചെയ്യുന്നതിനായി ഷാഫി പറമ്പിൽ എം.പി. ലോക്സഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മത്സരപരീക്ഷകളിലൊന്നായ നീറ്റിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ചോദ്യപേപ്പർ ചോർച്ച, സംഘടിത കോപ്പിയടി, ആൾമാറാട്ടം, പരീക്ഷാ കേന്ദ്രങ്ങളിലെ ക്രമക്കേടുകൾ, മൂല്യനിർണയത്തിലെ അപാകതകൾ തുടങ്ങിയ ഗുരുതര ആരോപണങ്ങൾ ആവർത്തിച്ച് ഉയർന്നിട്ടും കേന്ദ്ര സർക്കാർ പരീക്ഷയുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ഷാഫി പറമ്പിൽ എം.പി. നോട്ടീസിൽ ചൂണ്ടിക്കാട്ടി.
പ്രതിവർഷം ഇരുപത് ലക്ഷത്തിലധികം വിദ്യാർഥികളുടെ ഭാവി നിർണയിക്കുന്ന പരീക്ഷയുടെ വിശ്വാസ്യത തകർന്നത് രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തിനും ഭരണസംവിധാനത്തിനും വലിയ തിരിച്ചടിയാണ്. സത്യസന്ധമായി പഠിച്ച് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് അനീതി സംഭവിക്കുകയും അവരുടെ മാനസികാരോഗ്യത്തെയും ഭാവിയെയും ഇത് ഗുരുതരമായി ബാധിക്കുകയും ചെയ്യുന്നു.
പരീക്ഷാ സുരക്ഷ ഉറപ്പാക്കുമെന്ന കേന്ദ്ര സർക്കാരിന്റെ ആവർത്തിച്ച ഉറപ്പുകൾ ഉണ്ടായിട്ടും ക്രമക്കേടുകൾ തുടർച്ചയായി ആവർത്തിക്കുന്നത് ദേശീയ പരീക്ഷാ ഏജൻസിയായ നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ പ്രവർത്തനക്ഷമതയെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ മേൽനോട്ട സംവിധാനത്തെയും സംബന്ധിച്ച ഗുരുതര ചോദ്യങ്ങൾ ഉയർത്തുന്നു.
വിദ്യാഭ്യാസരംഗത്ത് തുല്യാവസരവും സുതാര്യതയും ഉറപ്പാക്കേണ്ട ഭരണകൂടം അതിൽ പരാജയപ്പെട്ടിരിക്കുകയാണ്. ഇതിലൂടെ ഭരണഘടന ഉറപ്പുനൽകുന്ന സമത്വത്തിന്റെയും യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള അവസരത്തിന്റെയും അടിസ്ഥാന തത്വങ്ങൾ തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്.
ഈ വിഷയത്തിൽ സഭയുടെ പതിവ് നടപടികൾ നിർത്തിവെച്ച് അടിയന്തരമായി വിശദമായ ചർച്ച നടത്തുകയും, മന്ത്രി വീഴ്ച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും, ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുകയും, ദേശീയ പരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ നടപ്പാക്കുകയും, ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും ചെയ്യണമെന്ന് നോട്ടീസിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും ഭാവിയുമായി ബന്ധപ്പെട്ട ഈ വിഷയം ദേശീയ പ്രാധാന്യമുള്ളതും അടിയന്തരമായി പാർലമെന്റിന്റെ ശ്രദ്ധ അർഹിക്കുന്നതുമാണെന്ന് എം.പി. ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

