വിദേശത്തെ നീറ്റ് കേന്ദ്രങ്ങൾ പുനഃസ്ഥാപിച്ചത് പ്രവാസി വിദ്യാർഥികൾക്ക് ആശ്വാസമായി
text_fieldsന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് -യു.ജി (നാഷനൽ എലിജിബിലിറ്റി ആൻഡ് എൻട്രൻസ് ട്രസ്റ്റ്) എഴുതാൻ ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ വിദേശ സെന്ററുകൾ പുനഃസ്ഥാപിച്ചത് പ്രവാസി വിദ്യാർഥികൾക്ക് ആശ്വാസമായി. ആറ് ഗൾഫ് രാജ്യങ്ങളിലായി എട്ടും മറ്റിടങ്ങളിലായി ആറും ഉൾപ്പെടെ 14 കേന്ദ്രങ്ങളാണ് ദേശീയ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ) അനുവദിച്ചത്.
യു.എ.ഇയിൽ ദുബൈ, അബൂദബി, ഷാർജ എന്നിവിടങ്ങളിലും ദോഹ, കുവൈത്ത് സിറ്റി, മസ്കത്ത്, റിയാദ്, മനാമ, ബാങ്കോക്ക് , കൊളംബോ, കാഠ്മണ്ഡു, ക്വാലാലംപുർ, ലാഗോസ്, സിംഗപ്പൂർ എന്നിവിടങ്ങളിലുമാണ് നീറ്റ് കേന്ദ്രങ്ങൾ അനുവദിച്ചത്. ഇന്ത്യയിൽ 554 നീറ്റ് കേന്ദ്രങ്ങളുണ്ട്. മേയ് അഞ്ചിനാണ് പരീക്ഷ. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി മാർച്ച് ഒമ്പത് ആണ്. ഇന്ത്യയിലെ പരീക്ഷകേന്ദ്രങ്ങൾ തിരഞ്ഞെടുത്ത് ഫീസ് അടച്ച് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയവർക്ക് തിരുത്താൻ അവസരമുണ്ട്. മാർച്ച് ഒമ്പതിന് ഓൺലൈൻ രജിസ്ട്രേഷൻ അവസാനിച്ചശേഷം, തിരുത്തിനുള്ള അവസരം നൽകുമ്പോൾ ഇവർക്ക് വിദേശത്ത് സെന്ററുകൾ തെരഞ്ഞെടുക്കാമെന്ന് എൻ.ടി.എ അറിയിച്ചു. അതേസമയം, പുതുതായി രജിസ്റ്റർ ചെയ്യുന്നവർക്ക് നേരിട്ടുതന്നെ വിദേശ പരീക്ഷകേന്ദ്രത്തിന് ഓപ്ഷൻ നൽകാം.
ഫെബ്രുവരി ഒമ്പതിന് പരീക്ഷ വിജ്ഞാപനം പുറപ്പെടുവിച്ചുള്ള എൻ.ടി.എ ബുള്ളറ്റിനിൽ വിദേശത്തെ കേന്ദ്രങ്ങളെ ഒഴിവാക്കിയിരുന്നു. അതേദിവസംതന്നെ ഓൺലൈൻ വഴി പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചെങ്കിലും ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ നാടുകളിലെ വിദ്യാർഥികൾക്ക് നാട്ടിലെ പരീക്ഷകേന്ദ്രങ്ങൾ തെരഞ്ഞെടുക്കുക മാത്രമായിരുന്നു വഴി. എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എസ്.എം.എസ്, ബി.യു.എം.എസ്, ബി.എച്ച്.എം.എസ്, ബി.എസ്സി (എച്ച്) നഴ്സിങ് കോഴ്സുകളിലേക്കുള്ള യോഗ്യതാ പ്രവേശന പരീക്ഷയാണ് നീറ്റ്-യുജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

