
കോവിഡ് പരിശോധനയ്ക്ക് 'തൊണ്ട കഴുകിയ ലായനി'; സലൈൻ ഗാർഗ്ൾ ആർ.ടി.-പി.സി.ആർ മാർഗം വരുന്നു
text_fieldsന്യൂഡൽഹി: കോവിഡ് പരിശോധന വേഗത്തിലാക്കാൻ പുതിയ രീതി വികസിപ്പിച്ച് നാഗ്പുരിലെ നാഷണൽ എൻവയേൺമെന്‍റൽ എൻജിനീയറിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (എൻ.ഇ.ഇ.ആർ.ഐ). സ്വന്തമായി സ്രവമെടുക്കാൻ കഴിയുന്ന 'സലൈൻ ഗാർഗ്ൾ ആർ.ടി-പി.സി.ആർ' മാർഗമാണ് ഇവർ വികസിപ്പിച്ചെടുത്തത്. എളുപ്പത്തിൽ സ്രവം ശേഖരിച്ച് പരിശോധിക്കാനും മൂന്ന് മണിക്കൂറിനകം ഫലമറിയാനും പുതിയ മാർഗത്തിലൂടെ സാധിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
സലൈൻ ലായനി നിറച്ച പ്രത്യേക കലക്ഷൻ ട്യൂബാണ് പരിശോധനയ്ക്കായി ഉപയോഗിക്കുന്നത്. ഇതിലെ സലൈൻ ലായനി ഒഴിച്ച് തൊണ്ട കഴുകിയ ശേഷം ഇതേ ട്യൂബിലേക്ക് തന്നെ ശേഖരിക്കണം. ഈ ട്യൂബ് ലാബിലെത്തിച്ച് സാധാരണ താപനിലയിൽ പ്രത്യേക ലായനിയിൽ സൂക്ഷിക്കും. പിന്നീട് ഇത് ചൂടാക്കിയ ശേഷമാണ് ആർ.ടി-പി.സി.ആർ പരിശോധന നടത്തുന്നത്.
എളുപ്പവും വേഗതയേറിയതും ചെലവ് കുറഞ്ഞതും രോഗികൾക്ക് ബുദ്ധിമുട്ടില്ലാത്തതുമാണ് പുതിയ മാർഗമെന്ന് കൗൺസിൽ ഫോർ സയന്‍റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ) അധികൃതർ ചൂണ്ടിക്കാട്ടി. കുറഞ്ഞ അടിസ്ഥാന സൗകര്യങ്ങളുള്ള ഗ്രാമീണ, ഗോത്ര മേഖലകൾക്ക് ഈ പരിശോധന ഏറെ പ്രയോജനകരമാകുമെന്നും അവർ വിലയിരുത്തി.
പുതിയ പരിശോധന മാർഗവുമായി മുന്നോട്ടുപോകാൻ നാഗ്പുർ മുനിസിപ്പൽ കോർപ്പറേഷൻ അനുമതി നൽകിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ എൻ.ഇ.ഇ.ആർ.ഐ സലൈൻ ഗാർഗ്ൾ പരിശോധന ആരംഭിച്ചിട്ടുണ്ടെന്നും സി.എസ്.ഐ.ആർ വ്യക്തമാക്കി. കൂടുതൽ സമയം ആവശ്യമായ നിലവിലെ സ്രവ സാമ്പിൾ ശേഖരിച്ചുള്ള പരിശോധന രോഗികൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ടിന് പുതിയ രീതി പരിഹാരമാകുമെന്നും മൂന്ന് മണിക്കൂറിനുള്ളിൽ ഫലം ലഭിക്കുമെന്നും എൻ.ഇ.ഇ.ആർ.ഐ സീനിയർ സയന്‍റിസ്റ്റ് ഡോ. കൃഷ്ണ ഖയിർനാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
