ലണ്ടൻ/ ന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിൽ (പി.എൻ.ബി) നിന്ന് 13,000 കോടി രൂപയുടെ വായ്പത്തട്ടിപ്പ് നടത്തി കടന്ന വജ്രരാജാവ് നീരവ് മോദി രാഷ്ട്രീയ അഭയം തേടി ലണ്ടനിൽ. ഇന്ത്യയിൽനിന്ന് രാഷ്ട്രീയമായി വേട്ടയാടൽ നേരിടുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് അഭയം തേടുന്നത്.
അതേസമയം, മോദി തങ്ങളുടെ രാജ്യത്ത് താമസിക്കുന്നുണ്ടെന്ന് യു.കെ സ്ഥിരീകരിച്ചതായി റിപ്പോർട്ട് പുറത്തുവന്നു. പി.എൻ.ബിയെ വഞ്ചിച്ച് വായ്പ തട്ടിയെടുത്തതിനെതിരെ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് അന്വേഷണം നടത്തിവരുകയാണ്. ചില ബാങ്ക് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടന്ന തട്ടിപ്പിനെക്കുറിച്ച് സി.ബി.െഎ രണ്ടു കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മോദി, അമ്മാവൻ മെഹുൽ ചോക്സി എന്നിവർ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യും മുമ്പ് വിദേശേത്തക്ക് കടക്കുകയായിരുന്നു.
നീരവ് മോദിയുടെ കമ്പനിക്ക് ലണ്ടനിൽ സ്ഥാപനമുണ്ട്. ലണ്ടനിൽ എത്തിയ ഇയാൾ രാഷ്ട്രീയ അഭയത്തിനാണ് ശ്രമിക്കുന്നതെന്ന് ‘ഫിനാൻഷ്യൽ ടൈംസ്’ ആണ് റിപ്പോർട്ട് ചെയ്തത്. അതിനിടെ, നീരവ് മോദിയെ പിടികൂടാൻ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്ന ആവശ്യവുമായി സി.ബി.െഎ ഇൻറർപോളിനെ സമീപിച്ചു. ബാങ്ക് വായ്പ തട്ടിപ്പിലെ മുഖ്യപ്രതിയായ മോദിയെ അറസ്റ്റ് ചെയ്ത് ഇന്ത്യക്ക് കൈമാറണമെന്നാണ് ആവശ്യം. 190 രാജ്യങ്ങൾക്ക് ഇൻറർപോൾ നോട്ടീസ് ബാധകമാണ്.
സി.ബി.െഎയും എൻഫോഴ്സ്മെൻറും മോദിക്കും കൂട്ടുപ്രതികൾക്കുമെതിരെ മുംബൈ പ്രത്യേക കോടതിയിൽ കുറ്റപത്രം നൽകിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് 12,000 പേജ് വരുന്ന കുറ്റപത്രം സമർപ്പിച്ചത്.