വനിത ജഡ്ജിമാർ പേരിന് മാത്രം: ആശങ്കാജനകം, കൊളീജിയം ഇടപെടണമെന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: രാജ്യത്തെ മേൽകോടതികളിൽ വനിത ജഡ്ജിമാർ പേരിനുമാത്രമാകുന്ന സാഹചര്യം ആശങ്കാജനകമെന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ (എസ്.സി.ബി.എ). വിഷയത്തിൽ കൊളീജിയം ഇടപെടണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.
സുപ്രീംകോടതിയിലും ഹൈകോടതികളിലും ന്യായാധിപർക്കിടയിൽ മതിയായ വനിത പ്രാതിനിധ്യമില്ലെന്ന് എസ്.സി.ബി.എ ശനിയാഴ്ച പാസാക്കിയ പ്രമേയത്തിൽ ചുണ്ടിക്കാട്ടുന്നു. ഉത്തരാഘണ്ഡ്, ത്രിപുര, മേഖാലയ, മണിപ്പൂർ ഹൈകോടതികളിൽ നിലവിൽ വനിത ജഡ്ജിമാരില്ല.
രാജ്യത്ത് ആകെ അനുവദിച്ച 1,100 ഹൈകോടതി ജഡ്ജി തസ്തികകളിൽ 773 എണ്ണത്തിലാണ് നിലവിൽ നിയമനം നടന്നിട്ടുള്ളത്. ഇതിൽ 670 എണ്ണത്തിലും പുരുഷ ന്യായാധിപൻമാരാണ്. ഹൈകോടതി ന്യായാധിപ കസേരകളിൽ 103 എണ്ണത്തിൽ മാത്രമാണ് വനിതകൾ ഉളളത്.
അടുത്തിടെ നടന്ന നിയമനങ്ങളിൽ വനിത ഉദ്യോഗാർഥികൾ തഴയപ്പെട്ടതിലെ അതൃപ്തിയും അസോസിയേഷൻ പ്രമേയത്തിൽ പ്രകടിപ്പിക്കുന്നുണ്ട്. സുപ്രീംകോടതിയിൽ 2021ന് ശേഷം ഒരുവനിത ജഡ്ജി പോലും നിയമിതയായിട്ടില്ലെന്ന് അസോസിയേഷൻ ചൂണ്ടിക്കാണിക്കുന്നു.
ജസ്റ്റിസ് ബി.വി. നാഗരത്ന മാത്രമാണ് നിലവിൽ സുപ്രീംകോടതിയിലെ ഏക വനിത ജഡ്ജി.
വനിത പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമു മേയ് 24നും മുതിർന്ന അഭിഭാഷകനായ വികാസ് സിങ് ജൂലൈ 18നും ചീഫ് ജസ്റ്റിസിന് കത്തെഴുതിയിരുന്നു.
ലിംഗനീതി ഉറപ്പാക്കുന്നതിനും വൈവിധ്യവും പ്രാതിനിധ്യവും ഉറപ്പുവരുത്തുന്നതിലൂടെ പൊതുജനങ്ങളുടെ വിശ്വാസമാർജ്ജിക്കാനും കൂടുതൽ വനിതകൾ ന്യായാധിപ പദവികളിലേക്ക് എത്തേണ്ടതുണ്ട്. സുപ്രീംകോടതിയിലേക്കും ഹൈകോടതികളിലേക്കും ന്യായാധിപൻമാരുടെ അടുത്തഘട്ട തെരഞ്ഞെടുപ്പിൽ അടിയന്തിര പ്രാധാന്യത്തോടെ വിഷയം പരിഗണിക്കണമെന്നും എസ്.സി.ബി.എ, സുപ്രീംകോടതി ചീഫ് ജസ്റ്റിസിനോടും കൊളീജിയത്തോടും അഭ്യർഥിച്ചു.
സുപ്രീംകോടതി ജഡ്ജിയായി ജസ്റ്റിസ് വിപുൽ പഞ്ചോളിയുടെ നിയമനവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ പുകയുന്നതിടെയാണ് അസോസിയേഷന്റെ നടപടി. തന്നെക്കാൾ മുതിർന്ന മൂന്നോളം വനിത ജഡ്ജിമാരുണ്ടായിരിക്കെയാണ് ജസ്റ്റിസ് പഞ്ചോളിയെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാൻ കൊളീജിയം ശിപാർശ നൽകിയതെന്ന് വിമർശനമുയർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

