
രാജ്യത്ത് ജാതി അടിസ്ഥാനമാക്കി ജനസംഖ്യ കണക്കെടുപ്പ് നടത്തണം -കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ
text_fieldsബംഗളൂരു: രാജ്യത്ത് ജാതി അടിസ്ഥാനത്തിലുള്ള ജനസംഖ്യ കണക്കെടുപ്പ് വേണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ. സാമൂഹിക, സാമ്പത്തിക, അക്കാദമിക നേട്ടങ്ങൾ ആവശ്യക്കാർക്ക് ഇതിലൂടെ എത്തിക്കാൻ കഴിയുമെന്നാണ് കേന്ദ്രമന്ത്രിയുടെ വാദം.
ഇവിടെ ജാതി അടിസ്ഥാനമാക്കിയുള്ള കണക്കെടുപ്പിലൂടെ ഓരോ സമുദായങ്ങളുടെയും ജനസംഖ്യ കണക്കാക്കാൻ സാധിക്കും. ഇതിലൂടെ സാമൂഹിക, സാമ്പത്തിക, അക്കാദമി നേട്ടങ്ങൾ ആവശ്യക്കാർക്ക് എത്തിക്കാൻ കഴിയും. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവർക്ക് അതിന്‍റെ പ്രയോജനം ലഭിക്കുന്നതിനായി സംവരണം ഏർപ്പെടുത്തും -അത്തേവാലെ പറഞ്ഞു.
നിയമപ്രകാരം സംവരണത്തിന്‍റെ അളവ് 50 ശതമാനത്തിൽ കൂടാൻ പാടില്ല. എന്നാൽ സാമൂഹ്യ നീതിയുടെ ക്വോട്ട വർധിപ്പിക്കണം. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ചർച്ച നടത്തുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സംവരണത്തിന്‍റെ ലക്ഷ്യം പിന്നാക്കം നിൽക്കുന്നവരെ സാമൂഹികമായും സാമ്പത്തികമായും ശാക്തീകരിക്കുകയെന്നതാണ്. എന്നാൽ ചിലർ ഇതിന്‍റെ ആനുകൂല്യം നന്നായി ഉപയോഗിക്കുന്നു. ഇത്തരം പ്രവണത അവസാനിപ്പിക്കണമെന്നും അത്തേവാലെ കൂട്ടിച്ചേർത്തു.