റോഡ് സുരക്ഷ നടപടികൾ മെച്ചപ്പെടുത്താം, ഇന്ത്യയിൽ പ്രതിവർഷം 30,000 ജീവൻ രക്ഷിക്കാം
text_fieldsന്യൂഡൽഹി: റോഡ് സുരക്ഷ നടപടികൾ മെച്ചപ്പെടുത്തിയാൽ ഇന്ത്യയിൽ പ്രതിവർഷം 30,000 ജീവൻ രക്ഷിക്കാൻ കഴിയുമെന്ന് പഠനം. ലാൻസറ്റ് ജേണലിലാണ് ഇതുസംബന്ധിച്ച പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. നമ്മുടെ രാജ്യത്ത് വാഹനങ്ങളുടെ വേഗത, മദ്യപിച്ച് വണ്ടിയോടിക്കൽ, ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാതെ വാഹനമോടിക്കൽ എന്നിവയാണ് വാഹനാപകടങ്ങളുടെ മുഖ്യ കാരണങ്ങളായി കണ്ടെത്തിയത്.
അമിത വേഗതയിൽ വാഹനമോടിക്കുന്നത് ഒഴിവാക്കിയാൽ 20,554ഉം ഹെൽമറ്റ് ധരിക്കുന്നത് പതിവാക്കിയാൽ 5683ഉം ജീവനുകൾ സംരക്ഷിക്കാം. സീറ്റ് ബെൽറ്റ് ധരിക്കുന്നതു വഴി 3204 പേരുടെയും ജീവൻ സുരക്ഷിതമാക്കാം. അതേസമയം, ഇന്ത്യയിൽ മദ്യപിച്ച് വാഹനമോടിക്കുന്നതു വഴി മരണപ്പെട്ടവരുടെ കണക്ക് ലഭ്യമല്ല.
ആഗോളതലത്തിൽ പ്രതിവർഷം വാഹനാപകടങ്ങളിൽ 13.5 ലക്ഷം ആളുകൾ മരിക്കുന്നുണ്ടെന്നാണ് കണക്ക്. ഇതിൽ കൂടുതൽ അപകടങ്ങളും വികസ്വരരാജ്യങ്ങളിലാണ്. ഒന്നു ശ്രദ്ധ വെച്ചാൽ ഇപ്പോൾ റോഡിൽ പൊലിയുന്ന കൂടുതൽ മരണങ്ങളും ഒഴിവാക്കാൻ കഴിയുന്നതാണെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
199 രാജ്യങ്ങളുടെ പട്ടികയിൽ റോഡപകടങ്ങളുടെ നിരക്കിൽ ഇന്ത്യയാണ് ഒന്നാമത്. ലോകത്ത് നടക്കുന്ന റോഡപകടങ്ങളിൽ 11ശതമാനവും ഇന്ത്യയിലാണ്. ഒരു വർഷം ഏതാണ്ട് 449,002 റോഡപകടങ്ങൾ ഇന്ത്യയിൽ സംഭവിക്കുന്നുണ്ടെന്നാണ് കണക്ക്. 2019ലെ കണക്കനുസരിച്ച് വിവിധ അപകടങ്ങളിലായി 151,113 പേരാണ് റോഡിൽ കുരുതിയടഞ്ഞത്. 451,361 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

