ഇൻഡ്യ യോഗം തിങ്കളാഴ്ച; ഭിന്നത രൂക്ഷം
text_fieldsന്യൂഡൽഹി: കോൺഗ്രസുമായുള്ള സഖ്യകക്ഷികൾക്കിടയിലെ ഭിന്നതയും നിയമസഭ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങളും രൂക്ഷമായിരിക്കെ, ഇൻഡ്യ മുന്നണി യോഗം തിങ്കളാഴ്ച ഡൽഹിയിൽ ചേരും.
തമിഴ്നാട്ടിൽ സഖ്യം ഉപേക്ഷിച്ച കോൺഗ്രസ് നടപടിയിൽ പ്രതിഷേധിച്ച് യോഗം ബഹിഷ്കരിക്കുമെന്ന് ഡി.എം.കെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സഖ്യത്തിലെ സി.പി.എമ്മും ഝാർഖണ്ഡ് മുക്തി മോർച്ചയും (ജെ.എം.എം) കോൺഗ്രസിനെതിരെ പരസ്യമായി രംഗത്തുവന്നത്.
കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ, മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെ കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്യാത്തത് ബി.ജെ.പിയുമായുള്ള രഹസ്യ ധാരണയുടെ ഭാഗമാണെന്ന രീതിയിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ നടത്തിയ ആരോപണമാണ് സി.പി.എമ്മിനെ ചൊടിപ്പിച്ചത്.
ആസൂത്രിത പ്രചാരണം മുന്നണി മര്യാദകളുടെ ലംഘനമാണെന്നാണ് സി.പി.എമ്മിന്റെ നിലപാട്. കോൺഗ്രസ് ഈ വിഷയത്തിൽ വ്യക്തത വരുത്താത്ത സാഹചര്യത്തിൽ, തിങ്കളാഴ്ച നടക്കുന്ന യോഗത്തിൽ പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബി പങ്കെടുക്കില്ല. പകരം രാജ്യസഭാ നേതാവ് ജോൺ ബ്രിട്ടാസിനെ മാത്രമാണ് പ്രതിനിധിയായി അയക്കുന്നത്. യോഗത്തിൽ പാർട്ടിയുടെ എതിർപ്പ് ബ്രിട്ടാസ് ഉന്നയിക്കും.
ഝാർഖണ്ഡിൽ നിന്നുള്ള രാജ്യസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് കോൺഗ്രസുമായുള്ള ജെ.എം.എമ്മിന്റെ തർക്കം. സംസ്ഥാനത്ത് ഒഴിവുവരുന്ന രണ്ട് രാജ്യസഭ സീറ്റുകളിലും തങ്ങളുടെ സ്ഥാനാർഥികളെ നിർത്താനാണ് ജെ.എം.എം തീരുമാനിച്ചത്. എന്നാൽ, കോൺഗ്രസ് സ്ഥാനാർഥിയായി പ്രണവ് ഝായെ പ്രഖ്യാപിച്ചതോടെ ബന്ധത്തിൽ ഉലച്ചിൽ വീണു.
നിയമസഭ തോൽവിക്ക് പിന്നാലെ തൃണമൂൽ കോൺഗ്രസിലുണ്ടായ രാഷ്ട്രീയ ഭൂകമ്പവും ഇൻഡ്യ മുന്നണിയെ ആശങ്കപ്പെടുത്തുന്നുണ്ട്. എം.എൽ.എമാർക്കിടയിലുണ്ടായ പിളർപ്പ് പാർലമെന്റ് അംഗങ്ങളിലക്കും പടരുമെന്നാണ് സൂചന. പാർലമെന്ററി പാർട്ടിയിലെ വിമത നീക്കങ്ങൾ ഒഴിവാക്കാനുള്ള തീവ്ര ശ്രമത്തിലാണ് തൃണമൂൽ കോൺഗ്രസ് നേതൃത്വം. എം.പിമാർക്കിടയിലുണ്ടാകുന്ന പിളർപ്പ് പ്രതിപക്ഷ സഖ്യത്തിന്റെ കരുത്തിനെ ദോഷകരമായി ബാധിക്കും.
സഖ്യകക്ഷികൾക്കിടയിലെ ആഭ്യന്തര തർക്കങ്ങളും കടുത്ത അതൃപ്തികളും പരിഹരിക്കാനാകാത്ത വിധം സങ്കീർണമാകുന്ന സാഹചര്യത്തിലാണ് ഇൻഡ്യ മുന്നണി തിങ്കളാഴ്ച ഡൽഹിയിൽ യോഗം ചേരുന്നത്. 23 രാഷ്ട്രീയ പാർട്ടികൾ യോഗത്തിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

