ന്യൂഡൽഹി: തോൽവി പാർട്ടിക്ക് ഭാവിയിൽ ഗുണം ചെയ്യുമെന്ന് എൽ.ജെ.പി അധ്യക്ഷൻ ചിരാഗ് പാസ്വാൻ. തെരഞ്ഞെടുപ്പിൽ നിർണായകമാകുമെന്ന് കരുതിയ എൽ.ജെ.പിക്ക് ഒരു സീറ്റ് മാത്രം ലഭിച്ച് വൻ തിരിച്ചടി നേരിട്ട സാഹചര്യത്തിലാണ് പുതിയ പ്രസ്താവനയുമായി അദ്ദേഹം രംഗത്ത് എത്തിയത്.
'തിരഞ്ഞെടുപ്പില്‍ എൽ.ജെ.പി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഏതാനും സീറ്റുകളിൽ ഞങ്ങൾ വിജയത്തോട് അടുത്തിരുന്നു. പാര്‍ട്ടിയുടെ വോട്ട് ശതമാനം ഉയര്‍ന്നു. ഒരു സഖ്യത്തിന്‍റെയും പിന്തുണ ഇല്ലാതെ എൽ.ജെ.പി സ്ഥാനാര്‍ഥികള്‍ സ്വന്തം കാലിൽ നിന്നാണ് നല്ല രീതിയില്‍ പ്രവര്‍ത്തിച്ചത്. ബിഹാര്‍ ഫസ്റ്റ് ബിഹാറി ഫസ്റ്റ്'എന്ന മുദ്രാവാക്യം സമസ്ത മേഖലകളിലും ശക്തിപ്പെട്ടു. ഇത് പാര്‍ട്ടിക്ക് ഭാവിയില്‍ ഗുണം ചെയ്യും' -ചിരാഗ് പറഞ്ഞു.
ജെ.ഡി.യുവുമായി തെറ്റിപ്പിരിഞ്ഞാണ് ചിരാഗ് എൽ.ജെ.പി രൂപവത്കരിച്ചത്. തുടർന്ന് എൻ.ഡി.എ മുന്നണിയും വിട്ടു. ജെ.ഡി.യു. മത്സരിക്കുന്ന 135 മണ്ഡലങ്ങളില്‍ എല്‍.ജെ.പി. സ്ഥാനാര്‍ഥികളെ ഇറക്കിയിരുന്നു. അതേസമയം നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകുന്നതിനോട് പ്രതികരിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇപ്പോൾ അതിനെക്കുറിച്ച് പ്രതികരിക്കാൻ താത്പര്യമില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.