പതിവ് തെറ്റിക്കാതെ കർണാടക; എൻ.ഡി.എ മുന്നിൽ; കോൺഗ്രസ് പ്രതിരോധത്തിൽ
text_fieldsബംഗളൂരു: സംസ്ഥാനത്ത് ആദ്യ ഫല സൂചനകൾ പുറത്തുവന്നപ്പോൾ എക്സിറ്റ് പോൾ ഫലങ്ങൾ ശരിവെക്കുന്ന തരത്തിൽ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സഖ്യം വലിയ മുന്നേറ്റം നടത്തുകയാണ്.
ആകെയുള്ള 28 സീറ്റുകളിൽ 20 സീറ്റുകളിലും എൻ.ഡി.എയാണ് ലീഡ് ചെയ്യുന്നത്. 17 സീറ്റുകളിൽ ബി.ജെ.പിയും മൂന്നു സീറ്റുകളിൽ ജെ.ഡി.എസും. സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് ഏഴു സീറ്റുകളിലാണ് മുന്നിട്ടുനിൽക്കുന്നത്. ഹാസ്സനിലെ ജെ.ഡി.എസ് സ്ഥാനാർഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണക്കെതിരായ ലൈംഗികാതിക്ര കേസ് വിവാദം സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയിട്ടും എൻ.ഡി.എ സഖ്യത്തിന് തിരിച്ചടിയായില്ലെന്നാണ് ആദ്യ ഫലങ്ങൾ നൽകുന്ന സൂചന.
ബി.ജെ.പി 22 സീറ്റുകളിലും ജെ.ഡി.എസ് മൂന്നു സീറ്റുകളിലുമാണ് മത്സരിച്ചത്. വലിയ ഭൂരിപക്ഷത്തോടെ സംസ്ഥാന ഭരണം പിടിച്ച കോൺഗ്രസ് തനിച്ചാണ് മത്സരിക്കുന്നത്. സംസ്ഥാന ഭരണം മാറിമറിയുമ്പോഴും ഏറെ നാളായി ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കൊപ്പം നിൽക്കുന്നതാണ് കർണാടകയുടെ പതിവ്. ഇത്തവണയും അതിനു മാറ്റമില്ലെന്നാണ് പുറത്തുവരുന്ന ഫലം സൂചിപ്പിക്കുന്നത്. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി 25 സീറ്റുകളിലാണ് ജയിച്ചത്.
കോൺഗ്രസും ജെ.ഡി.എസും സഖ്യമായാണ് അന്ന് മത്സരിച്ചത്. ഇരുവരും ഓരോ സീറ്റുകളിൽ ജയിച്ചു. സംഘടന സംവിധാനം ശക്തമായ കർണാടകയിൽ കോൺഗ്രസ് ഇത്തവണ ഏറെ പ്രതീക്ഷ അർപ്പിച്ചിരുന്നു. എക്സിറ്റ് പോൾ പ്രവചനങ്ങളെ തള്ളിക്കളഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും സംസ്ഥാനത്ത് കോൺഗ്രസ് മികച്ച പ്രവർത്തനം കാഴ്ചവെക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

