പ്രതിഷേധക്കാർക്കുനേരെ എ.കെ 47 ഉപയോഗിച്ചത് തെറ്റെന്ന് എൻ.ഡി.എ ഘടകകക്ഷി
text_fieldsന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ബിഹാറിൽ നടന്ന പ്രതിഷേധങ്ങൾക്കുനേരെ പൊലീസ് എ.കെ 47 തോക്കുകൾ ഉപയോഗിച്ചത് തെറ്റായ നടപടിയാണെന്നും തങ്ങൾ അതിനെതിരാണെന്നും എൻ.ഡി.എ ഘടകകക്ഷിയായ ലോക് ജൻ ശക്തി പാർട്ടി (റാം വിലാസ്) എം.പി സാംബവി ചൗധരി.
രാജ്യത്തിന്റെ പല ഭാഗങ്ങളിൽ പ്രതിഷേധക്കാർക്കുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയതും തെറ്റായ നടപടിയായിരുന്നു. എങ്കിലും, പ്രതിഷേധങ്ങൾക്കിടെ സാമൂഹിക വിരുദ്ധരുടെ സാന്നിധ്യം ഉണ്ടായിരുന്നതായി ആക്ടിവിസ്റ്റ് സോനം വാങ്ചുകും കോക്രോച്ച് ജനത പാർട്ടി വക്താവും സമ്മതിച്ചിരുന്നുവെന്നും ചൗധരി പറഞ്ഞു.
ജൂലൈ 25ന് പ്രതിപക്ഷ പാർട്ടികളും വിദ്യാർഥി സംഘടനകളും നടത്തിയ ബിഹാർ ബന്ദിനിടെയാണ് സിവാൻ ജില്ലയിൽ പൊലീസുകാരൻ എ.കെ 47 റൈഫിൾ ഉപയോഗിച്ച് പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെ സർക്കാറിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തിരുന്നു. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അച്ചടക്ക നടപടികളോ നിയമ നടപടികളോ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
മൂന്ന് പേർക്കാണ് വെടിയേറ്റിരുന്നു. ബന്ദിനിടെ കട അടച്ച് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 15കാരനായ ആരിഫിനും വെടിയേറ്റു. കഴുത്തിലാണ് വെടിയേറ്റതെന്ന് കുടുംബം പറഞ്ഞു. ശസ്ത്രക്രിയയിലൂടെ വെടിയുണ്ട നീക്കം ചെയ്തതായും ആരോഗ്യനില തൃപ്തികരമാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
പട്‌നയിലെ ഗാന്ധി മൈതാനത്തും വിദ്യാർഥി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. കല്ലേറിലും ലാത്തിച്ചാർജിലും നിരവധി പേർക്ക് പരിക്കേറ്റു. പൊലീസ് ആകാശത്തേക്ക് വെടിയുതിർത്തു. സിവാൻ, ഔറംഗബാദ്, പട്ന, ഭഗൽപൂർ, ഛപ്ര തുടങ്ങിയ സ്ഥലങ്ങളിൽ ആയിരക്കണക്കിന് വിദ്യാർഥികളാണ് തെരുവിലിറങ്ങിയത്.
അതിനിടെ, ഡൽഹിയിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) നടത്തിയ പാർലമെന്റ് മാർച്ചിനിടെ റാപിഡ് ആക്ഷൻ ഫോഴ്സ് (ആർ.എ.എഫ്) ആണ് പെല്ലെറ്റ് ഗൺ ഉപയോഗിച്ചത് എന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ജൂലൈ 20ന് നടന്ന പ്രതിഷേധത്തിനിടയിൽ കൊണാട്ട് പ്ലേസിലുണ്ടായ സംഘർഷത്തിനിടെ ആർ.എ.എഫ് ഉദ്യോഗസ്ഥൻ പെല്ലെറ്റ് ഗണ്ണിൽ നിന്ന് ഏഴുതവണ വെടിയുതിർത്തതായും അഞ്ചുതവണ പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥി ഉൾപ്പെടെ മൂന്നുപേരുടെ ശരീരത്തിൽ ഉണ്ടകൾ തറച്ചതായും അന്വേഷണത്തിൽ വ്യക്തമായതായി റിപ്പോർട്ടിൽ പറയുന്നു.
പെല്ലെറ്റ് ഗൺ ഉപയോഗിച്ച ആർ.എ.എഫ് അംഗത്തെ ഉന്നത ഉദ്യോഗസ്ഥൻ തിരിച്ചറിഞ്ഞിട്ടുണ്ട്. നടപടി വിവാദമായതോടെ കേന്ദ്ര റിസർവ് പൊലീസ് സേന (സി.ആർ.പി.എഫ്) അന്വേഷണം ആരംഭിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരുകയാണെന്നും, അവലോകനത്തിനുശേഷം ഔദ്യോഗിക റിപ്പോർട്ട് സമർപ്പിക്കുമെന്നും സി.ആർ.പി.എഫ് വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

