പവാർ കുടുംബത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചു; ഒന്നിക്കാൻ ആഗ്രഹിച്ച് ഇരു എൻ.സി.പികളിലെയും പ്രവർത്തകർ
text_fieldsമുംബൈ: പവാർ കുടുംബത്തിലെ പ്രശ്നങ്ങൾ പറഞ്ഞുതീർത്തുവെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ അജിത് പവാർ. എൻ.സി.പിയിലെ ഇരുവിഭാഗങ്ങളിലെയും പ്രവർത്തകർ ഒന്നിക്കാൻ ആഗ്രഹിക്കുകയാണെന്നും അജിത് പവാർ എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
''ഇരുവിഭാഗം എൻ.സി.പി പ്രവർത്തകരും ഒന്നിക്കാൻ ആഗ്രഹിക്കുകയാണ്. ഇപ്പോൾ രണ്ട് എൻ.സി.പിയും ഒന്നാണ്. ഞങ്ങളുടെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു''-അജിത് പവാർ വ്യക്തമാക്കി. ശരദ് പവാറാണ് എൻ.സി.പിയുടെ സ്ഥാപകൻ. ശരദ് പവാറിന്റെ അനന്തരവനായ അജിത് പവാറിന്റെ കലാപം മൂലം രണ്ടുവർഷം മുമ്പാണ് എൻ.സി.പി രണ്ടായി പിളർന്നത്.
തുടർന്ന് അജിത് പവാർ വിഭാഗം എൻ.ഡി.എയിൽ ചേർന്നു. അജിത് പവാറിന് ഉപമുഖ്യമന്ത്രി പദവി നൽകി എൻ.ഡി.എ പ്രത്യുപകാരവും ചെയ്തു.
പിളർന്നതോടെ എൻ.സി.പിയുടെ ഔദ്യോഗിക ചിഹ്നമായ ക്ലോക്ക് അജിത് പവാർ വിഭാഗത്തിന്റേതായി. ശരദ് പവാർ വിഭാഗത്തിന് പുതിയ ചിഹ്നവും പേരും അനുവദിച്ചു. ഭിന്നതകൾ പരിഹരിച്ചതോടെ, പിമ്പ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഇരു വിഭാഗങ്ങളും ഒന്നിച്ചു മത്സരിക്കാൻ തീരുമാനിച്ചു.
ഇക്കാര്യം ശരദ് പവാറിന്റെ മകളും ലോക്സഭ എം.പിയുമായ സുപ്രിയ സുലെയും ശരിവെച്ചു.
എന്നാൽ ഭാവിയിൽ അജിത് പവാറുമായി സഖ്യം തുടരുമോ എന്ന കാര്യത്തിൽ ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും സുപ്രിയ പ്രതികരിച്ചു. അതേസമയം, ശരദ് പവാർ നയിക്കുന്ന എൻ.സി.പി ബി.ജെ.പി സർക്കാറിൽ ചേരാനൊരുങ്ങുകയാണെന്ന
അഭ്യൂഹങ്ങൾ അവർ തള്ളി. ഇത്തരം പ്രചാരണങ്ങളിൽ സന്തോഷം കണ്ടെത്തുന്നവരോടു തന്നെ ഇതിനെ കുറിച്ച് ചോദിക്കണം എന്നായിരുന്നു സുപ്രിയയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

