‘ബി.ജെ.പിയിലേക്ക് പോകില്ല, മാധ്യമങ്ങൾ കാരണമില്ലാതെ അപവാദം പ്രചരിപ്പിക്കുന്നു’ - അജിത് പവാർ
text_fieldsമുംബൈ: ബി.ജെ.പിയിലേക്ക് പോകുമെന്ന വാർത്തകൾ നിഷേധിച്ച് എൻ.സി.പി നേതാവ് അജിത് പവാർ. മാധ്യമങ്ങൾ കാരണങ്ങളൊന്നുമില്ലാതെ അപവാദ പ്രചാരണം നടത്തുകയാണെന്നും അജിത് പവാർ പറഞ്ഞു.
ഇത്തരം അഭ്യുഹങ്ങളിലൊന്നും സത്യമില്ല. ഞാൻ എൻ.സി.പിക്കൊപ്പമാണ്. എൻ.സി.പിക്കൊപ്പം തന്നെ തുടരും. -അജിത് പവാർ വ്യക്തമാക്കി. എൻ.സി.പിയിലും മഹാരാഷ്ട്രയിലെ പ്രതിപക്ഷ സഖ്യത്തിലും പ്രശ്നമുണ്ടെന്ന വാർത്തകൾ അദ്ദേഹം തള്ളി.
ഇത്തരം അഭ്യൂഹങ്ങൾ മൂലം എൻ.സി.പി പ്രവർത്തകൾ സംശയത്തിലാണ്. എനിക്ക് അവരോട് പറയാനുള്ളത്, ആശങ്ക വേണ്ട, എൻ.സി.പി ശരദ് പവാറിന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട പാർട്ടിയാണ്. പലപ്പോഴും നമ്മൾ അധികാരത്തിലിരുന്ന സമയവും പ്രതിപക്ഷത്തിരുന്ന സമയവും ഉണ്ടായിട്ടുണ്ട്. -അജിത് പവാർ വ്യക്തമാക്കി.
നേരത്തെ , ശരദ് പവാറും അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞിരുന്നു. ദിവസങ്ങളായി അജിത് പവാർ ബി.ജെ.പിയിലേക്ക് പോവുകയാണെന്നും അദ്ദേഹത്തെ പിന്തുണക്കുന്ന എം.എൽ.എമാരും പാർട്ടി വിടുമെന്നും പ്രചാരണമുണ്ടായിരുന്നു. ഏക്നാഥ് ഷിൻഡെ രാജിവെച്ച് അജിത് പവാർ മുഖ്യമന്ത്രിയാകുമെന്നുവരെ വാർത്തകൾ പ്രചരിച്ചു.
പൂനെയില്‍ സംഘടിപ്പിക്കുന്ന മഹാവികാസ് അഘാഡിയുടെ വിജയാമൃത് റാലിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അജിത് പവാര്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെയാണ് എന്‍സി.പി പിളര്‍പ്പിലേക്കെന്ന അഭ്യൂഹം ശക്തമായത്.
മഹാരാഷ്ട്രയില്‍ 53 എം.എല്‍.എ. മാരിൽ 34 പേരുടെ പിന്തുണ അജിത്പവാറിണ്ടെന്നും ചില മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. പ്രമുഖ എൻ.സി.പി നേതാക്കളുടെ പിന്തുണ അജിത് പവാറിന് ഉണ്ടെന്നും എം.എൽ.എ മാരുടെ യോഗം വിളിച്ചതായും റിപ്പോർട്ടുണ്ടായിരുന്നു.
അതിനിടെ, ട്വിറ്ററിൽ നിന്ന് അജിത് പാർട്ടി കൊടിയുടെ ചിത്രം മാറ്റുകയും ചെയ്തതോടെ അഭ്യൂഹം ശക്തമായി. എന്നാൽ ഇപ്പോൾ അജിത് തന്നെ നേരിട്ടെത്തി ആരോപണങ്ങൾ നിഷേധിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

