ഗ്യാനേഷ് കുമാറിന് രാജ്യത്തെ പരമോന്നത ബഹുമതി നൽകണം; പ്രധാനമന്ത്രിക്ക് കത്തയച്ച് തൃണമൂൽ വിമതരുടെ പുതിയ പാർട്ടി
text_fieldsഗ്യാനേഷ് കുമാറിനെതിരെ ഹൈദരാബാദിൽ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം
ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന് രാജ്യത്തെ പരമോന്നത ബഹുമതി നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് വിമത എം.പിമാർ ചേർന്ന രാഷ്ട്രീയ പാർട്ടി. നാഷണലിസ്റ്റ് സിറ്റിസൺസ് പാർട്ടി ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് ജ്യോതി പ്രകാശ് ചാറ്റർജിയാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. 2026ലെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് നടത്തിയ രീതി ഉയർത്തിക്കാട്ടിയാണ് പരാമർശം.
തെരഞ്ഞെടുപ്പ് രക്തച്ചൊരിച്ചിൽ, ഭീഷണി, ക്രമക്കേട് എന്നിവയില്ലാതെ നടന്നുവെന്ന് എൻ.സി.പി.ഐ പറയുന്നു. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ അക്രമത്തിന്റെയും തെരഞ്ഞെടുപ്പ് ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങളുടെയും ചരിത്രം ചൂണ്ടിക്കാട്ടിയാണ് ചാറ്റർജിയുടെ കത്ത്.
തെരഞ്ഞെടുപ്പ് കമീഷന്റെ സ്വാതന്ത്ര്യം, നിഷ്പക്ഷത, അച്ചടക്കം എന്നിവ ഉയർത്തിപ്പിടിക്കുന്നതിലൂടെ ഗ്യാനേഷ് കുമാർ ഭരണഘടനയുടെ അടിത്തറ ശക്തിപ്പെടുത്തുകയും വോട്ടെടുപ്പ് പ്രക്രിയയിലുള്ള ജനവിശ്വാസം വർധിപ്പിക്കുകയും ചെയ്തുവെന്ന് കത്തിൽ പറയുന്നു. അതിനാൽ അദ്ദേഹത്തിന് രാജ്യത്തെ പരമോന്നത അംഗീകാരം നൽകണമെന്നാണ് ആവശ്യം.
അതേസമയം, കത്തിനെക്കുറിച്ച് കേട്ടിട്ടുണ്ടെന്നും എന്നാൽ വിശദാംശങ്ങൾ അറിയില്ലെന്നും എൻ.സി.പി.ഐ പാർലമെന്ററി പാർട്ടി അധ്യക്ഷയും മുൻ ടി.എം.സി എം.പിയുമായ കകോലി ഘോഷ് ദസ്തിദാർ പ്രതികരിച്ചു.
പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെയാണ് ടി.എം.സിയിലെ വിമത എം.പിമാർ എൻ.സി.പി.ഐയിൽ ലയിച്ചത്. വിമത എം.പിമാർ പിന്നീട് ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

