പ്രധാനമന്ത്രിയുടെ പരിപാടിയിൽ അജിത് പവാറിനെ സംസാരിക്കാൻ അനുവദിച്ചില്ല; മഹാരാഷ്ട്രക്ക് അപമാനമെന്ന് എൻ.സി.പി നേതാവ്
text_fieldsമുംബൈ: ക്ഷേത്ര ഉദ്ഘാനചടങ്ങിൽ സംസാരിക്കാൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് പ്രധാനമന്ത്രിയുടെ ഓഫിസ് അനുമതി നിഷേധിച്ചെന്ന് എൻ.സി.പി എം.പി സുപ്രിയ സുലെ. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിനെ സംസാരിക്കാൻ അനുവദിക്കാത്തത് സംസ്ഥാനത്തിന് അപമാനമായെന്ന് സുപ്രിയ സുലെ പറഞ്ഞു.
അജിത് പവാറിന് ഓഫിസ് ചടങ്ങിൽ സംസാരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫിസിനോട് അനുമതി തേടിയിരുന്നു എന്നും എന്നാൽ ഓഫിസ് അത് അംഗീകരിച്ചില്ല എന്നും സുപ്രിയ സുലെ മാധ്യമങ്ങളോട് പറഞ്ഞു. ഉപമുഖ്യമന്ത്രി എന്ന നിലയിൽ സംസാരിക്കാൻ അദ്ദേഹത്തിന് അവകാശമുണ്ടെന്നും അവർ കൂട്ടിചേർത്തു.
എന്നാൽ, പ്രധാനമന്ത്രി ചടങ്ങിൽ പ്രസംഗിക്കുന്നതിന് തൊട്ടുമുമ്പ് സംസ്ഥാന നിയമസഭയിലെ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് സംസാരിച്ചു. ഫഡ്‌നാവിസിനെ സംസാരിക്കാൻ അനുവദിക്കണമോ എന്നത് അവരുടെ ആഭ്യന്തര കാര്യമാണെന്നും എന്നാൽ അജിത് പവാറിനെ സംസാരിക്കാൻ അനുവദിക്കണമായിരുന്നുവെന്നും സുലെ പറഞ്ഞു.
ചൊവ്വാഴ്ചയാണ് ദെഹുവിലെ സാന്ത് ടുക്ക് റാം മഹ്രാജ് മന്ദിറിൽ 17ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സന്യാസിക്ക് സമർപ്പിച്ച ശിലാക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്.