ദേശീയ ന്യൂനപക്ഷ കമീഷൻ: പരാതികളിൽ ഭൂരിഭാഗവും മുസ്ലിംകളുടേത്
text_fieldsന്യൂഡൽഹി: ദേശീയ ന്യൂനപക്ഷ കമീഷന് ലഭിക്കുന്ന പരാതികളിൽ ഭൂരിഭാഗവും മുസ്ലിംകളുടേത്. അതേസമയം, കമീഷന് ലഭിക്കുന്ന പരാതികളുടെ എണ്ണം കഴിഞ്ഞ വർഷം കുറഞ്ഞതായി ഇതുസംബന്ധിച്ച റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ വർഷം 20 ശതമാനം കുറവുണ്ടായെന്നാണ് വെളിപ്പെടുത്തൽ.
2015-16ൽ 1,974 പരാതികൾ ലഭിച്ചപ്പോൾ 2016-17ൽ 1,647 ആണ്. ഇൗ വർഷം ജൂൺ വരെ 281 എണ്ണമാണ് ലഭിച്ചത്. കഴിഞ്ഞ വർഷം ലഭിച്ചതിൽ 1,231 എണ്ണം രാജ്യത്തെ ആറു ന്യൂനപക്ഷ സമുദായങ്ങളിൽ ഏറ്റവും വലുതായ മുസ്ലിംകളിൽ നിന്നാണ്. ക്രിസ്ത്യാനികൾ 102, സിഖുകാർ 96, ബുദ്ധന്മാർ 38, പാഴ്സി മൂന്ന്, ജൈനന്മാർ 35 എന്നിങ്ങനെയാണ് മറ്റു വിഭാഗങ്ങളുടെ പരാതികൾ. അതേസമയം, 142 പരാതികൾ ഇൗ സമുദായങ്ങളുമായി ബന്ധപ്പെട്ടതല്ല. 944 എണ്ണം ക്രമസമാധാനവുമായി ബന്ധപ്പെട്ടതാണ്. സർവിസ് 147, വിദ്യാഭ്യാസം 102, മതപരമായ അവകാശം 46, വഖഫ് 33, സാമ്പത്തികം ആറ് എന്നിങ്ങനെ വിവിധ വിഷയങ്ങളിലുള്ള പരാതികൾ 2016ൽ ലഭിച്ചു.
കഴിഞ്ഞ വർഷം ആകെ 1,523 പരാതികളാണ് തീർപ്പാക്കിയത്. ഇൗ വർഷം ലഭിച്ച 281 എണ്ണത്തിൽ 27 എണ്ണം പരിഹരിച്ചു. 254 പരാതികൾ പരിഗണനയിലാണ്.
രാജ്യത്തെ ന്യൂനപക്ഷ സുരക്ഷ ഉറപ്പുവരുത്താനുള്ള നടപടികളുടെ ഭാഗമായി അവരുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കാനും ഭരണഘടനയും പാർലമെൻറ് അംഗീകരിക്കുന്ന നിയമങ്ങളും പ്രകാരമുള്ള അവകാശങ്ങൾ സംരക്ഷിക്കാനുമാണ് കമീഷൻ രൂപവത്കരിച്ചത്. മാർച്ചിൽ അംഗങ്ങളുടെ കാലാവധി തീർന്നതിനെ തുടർന്ന് ജൂൺ ഏഴു വരെ കമീഷെൻറ പ്രവർത്തനം മുടങ്ങിയിരുന്നു. ഏഴ് അംഗങ്ങളും യു.പി.എ സർക്കാറിെൻറ കാലത്ത് നിയമിക്കപ്പെട്ടവരായിരുന്നു. ഇവർ 2015 സെപ്റ്റംബർ ഒമ്പതിനും 2017 മാർച്ച് ഒമ്പതിനും ഇടയിൽ വിരമിക്കുകയായിരുന്നു.
സയ്യിദ് ഖൈറുൽ ഹസൻ റിസ്വിയുടെ നേതൃത്വത്തിലുള്ള അംഗങ്ങളെ നിയമിച്ചത് ഇൗ വർഷം മേയിലാണ്. കേരളത്തിൽ നിന്നുള്ള ജോർജ് കുര്യനാണ് വൈസ് ചെയർമാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
