കമ്പനി നിയമ ട്രൈബ്യൂണൽ നിയമനങ്ങൾ കോർപറേറ്റ് മന്ത്രാലയം ഹൈജാക്ക് ചെയ്തു -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിലെ (എൻ.സി.എൽ.ടി) സ്റ്റാഫ് നിയമനങ്ങളുടെ നിയന്ത്രണം കോർപറേറ്റ് കാര്യ മന്ത്രാലയം ഹൈജാക്ക് ചെയ്തുവെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. സ്ഥാപനത്തിന്റെ സമ്പൂർണ നിയന്ത്രണം ഏറ്റെടുക്കാനാണ് മന്ത്രാലയത്തിന്റെ ശ്രമമെന്നും അത് അങ്ങേയറ്റം നിർഭാഗ്യകരമാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവർ അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. എൻ.സി.എൽ.ടിയിലെ ജുഡീഷ്യൽ അംഗങ്ങൾക്കൊപ്പം ജോലി ചെയ്യാനുള്ള സ്റ്റാഫിന്റെ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പരാമർശം.
ജുഡീഷ്യൽ അംഗങ്ങളുമായി ബന്ധപ്പെട്ട സ്റ്റാഫിന്റെ ഉൾപ്പെടെയുള്ള റിക്രൂട്ട്മെന്റ് പ്രക്രിയ സ്വകാര്യ സ്ഥാപനത്തെ ഏൽപിച്ചിരിക്കുകയാണെന്ന് കരാർ ജീവനക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക മീനാക്ഷി അറോറ ബോധിപ്പിച്ചു. ട്രൈബ്യൂണലിൽ കഴിഞ്ഞ എട്ട് വർഷത്തോളമായി ജോലി ചെയ്യുന്ന ജീവനക്കാരെ നവംബർ ഒന്നിനോ രണ്ടിനോ പുറത്താക്കിയേക്കുമെന്നുള്ള ആശങ്കയും അഭിഭാഷക പ്രകടിപ്പിച്ചു.
ജുഡീഷ്യൽ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവർ ഫലത്തിൽ സ്വകാര്യ ജീവനക്കാരാകുന്ന സ്ഥിതിവിശേഷമാണ്. ജുഡീഷ്യൽ പ്രവർത്തനങ്ങളുടെ സ്വതന്ത്ര നിർവഹണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് അഭിഭാഷക ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ വ്യക്തിപരമായ താൽപര്യം മുൻനിർത്തിയുള്ള ഹരജി പരിഗണിക്കാൻ തുടക്കത്തിൽ ചീഫ് ജസ്റ്റിസ് മടിച്ചിരുന്നു. എന്നാൽ, എൻ.സി.എൽ.ടിയുടെ വിശാല താൽപര്യവും, അതിന്റെ പ്രസിഡന്റ് പ്രകടിപ്പിച്ച ആശങ്കയും കണക്കിലെടുത്താണ് വിഷയം പരിശോധിക്കാൻ ബെഞ്ച് സന്നദ്ധത അറിയിച്ചത്. ബന്ധപ്പെട്ട റിപ്പോർട്ട് ലഭിച്ചു കഴിഞ്ഞ് പരിഗണിക്കും.
സ്റ്റാഫിനെ നിയമിക്കാനുള്ള അധികാരം എൻ.സി.എൽ.ടി പ്രസിഡന്റിന് ആയിരിക്കണമെന്ന കാര്യം ചീഫ് ജസ്റ്റിസ് എടുത്തുപറയുകയും ചെയ്തു. റിക്രൂട്ട്മെന്റ് പ്രക്രിയ പുറംകരാറിന് കൊടുക്കാമെങ്കിലും തൊഴിലുടമയും ജീവനക്കാരും തമ്മിലുള്ള ബന്ധം ട്രൈബ്യൂണലിൽ നിലനിൽക്കണമെന്ന് ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി പറഞ്ഞു.

