Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനാല് മാസമായി...

നാല് മാസമായി ശമ്പളമില്ല; വായ്പയും വാടകയും നൽകാനാകാതെ 200ലധികം എൻ.സി.ഇ.ആർ.ടി കരാർ ജീവനക്കാർ

text_fields
bookmark_border
നാല് മാസമായി ശമ്പളമില്ല; വായ്പയും വാടകയും നൽകാനാകാതെ 200ലധികം എൻ.സി.ഇ.ആർ.ടി കരാർ ജീവനക്കാർ
cancel

ന്യൂഡൽഹി: നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി) ആസ്ഥാനത്ത് പ്രോജക്ട് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഇരുന്നൂറോളം കരാർ ജീവനക്കാർ കഴിഞ്ഞ നാല് മാസമായി ശമ്പളം ലഭിക്കാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന സമഗ്ര ശിക്ഷാ പദ്ധതിക്ക് കീഴിലുള്ള ഡിജിറ്റൽ വിദ്യാഭ്യാസ പ്രോഗ്രാമുകളായ ദിക്ഷ, പി.എം ഇ-വിദ്യ, ജാദുയി പിതാര തുടങ്ങിയ പ്രധാന പ്രോജക്ടുകളിൽ പ്രവർത്തിക്കുന്ന ജീവനക്കാരാണ് ഈ ദുരിതം അനുഭവിക്കുന്നത്. ശമ്പളം മുടങ്ങിയതോടെ വീട്ടുവാടക നൽകാനും കുട്ടികളുടെ സ്കൂൾ ഫീസ് അടക്കാനും വായ്പകളുടെ പ്രതിമാസ അടവുകൾ തീർക്കാനും കഴിയാതെ ഇവർ വലിയ കടക്കെണിയിലായിരിക്കുകയാണ്.

പ്രതികാര നടപടികളെ ഭയന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ചില ജീവനക്കാർ തങ്ങൾ അനുഭവിക്കുന്ന മാനസികവും സാമ്പത്തികവുമായ ബുദ്ധിമുട്ടുകൾ പങ്കുവെച്ചിട്ടുണ്ട്. ശമ്പളം മുടങ്ങിയതോടെ ഹോം ലോൺ ഇ.എം.ഐകൾ മുടങ്ങിക്കൊണ്ടിരിക്കുകയാണ്. ബാങ്കിൽ നിന്നുള്ള പിഴ തുക ഓരോ മാസവും കൂടിക്കൊണ്ടിരിക്കുമ്പോൾ ഡൽഹിയിൽ ജീവിച്ചുപോകാൻ സുഹൃത്തുക്കളിൽ നിന്നും കടം വാങ്ങേണ്ടി വരുന്നുവെന്നും ജീവനക്കാർ വ്യക്തമാക്കുന്നു. മാർച്ച് 31-ന് അവസാനിച്ച ഇവരുടെ കരാർ സെപ്റ്റംബർ വരെ നീട്ടി നൽകിയിട്ടുണ്ടെങ്കിലും ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിലെ ശമ്പളം ഇനിയും അക്കൗണ്ടിലെത്തിയിട്ടില്ല.

ഈ വിഷയത്തിൽ എൻ.സി.ഇ.ആർ.ടി അധികൃതരെ സമീപിച്ചപ്പോൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുള്ള ഫണ്ട് അനുമതികൾ വൈകുന്നതാണ് പ്രശ്നമെന്നാണ് ലഭിച്ച മറുപടി. വിഷയത്തെക്കുറിച്ച് എൻ.സി.ഇ.ആർ.ടി ഡയറക്ടർ ദിനേഷ് സക്ലാനിയോട് ചോദിച്ചപ്പോൾ ബന്ധപ്പെട്ട വകുപ്പുകളോട് ഇത് ഉടനടി പരിശോധിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കിയെങ്കിലും ശമ്പളം വൈകാനുള്ള യഥാർഥ കാരണം വ്യക്തമാക്കാൻ അദ്ദേഹം തയാറായില്ല. അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവും ഈ വിഷയത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല.

ഈ വർഷത്തെ ബജറ്റിൽ എൻ.സി.ഇ.ആർ.ടിയുടെ മൊത്തത്തിലുള്ള വിഹിതം 15 ശതമാനത്തോളം വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും കേന്ദ്ര പദ്ധതികൾക്കായുള്ള വാർഷിക ബജറ്റിൽ 22 ശതമാനത്തോളം കുറവാണ് വരുത്തിയിരിക്കുന്നത്. മുൻവർഷങ്ങളിൽ ഏപ്രിൽ മാസത്തോടെ കഴിഞ്ഞിരുന്ന പ്രോജക്ട് അപ്രൂവൽ ബോർഡ് യോഗം ഇത്തവണ ജൂൺ പകുതിയോടെയാണ് നടന്നത്. ഇതാണ് ഫണ്ടുകൾ അനുവദിക്കുന്നതിലും ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നതിലും കലാശിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ, മനുഷ്യവിഭവശേഷി പരമാവധി കുറക്കാനും ചെലവുകൾ ചുരുക്കാനും മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salaryNCERTsalary delayUnpaid salarycontract staffIndia
News Summary - NCERT staff unpaid for four months
Next Story