വിവാദം, കോടതി ഇടപെടൽ : "ജുഡീഷ്യറിയിലെ അഴിമതി" അടങ്ങിയ പാഠപുസ്തകത്തിന്‍റെ വിൽപ്പന നിർത്തിവെച്ച് എൻ.സി.ഇ.ആർ.ടി
text_fieldsന്യൂഡൽഹി: "ജുഡീഷ്യറിയിലെ അഴിമതി" എന്ന വിവാദ പാഠഭാഗമുള്ള എൻ.സി.ഇ.ആർ.ടിയുട പുതിയ എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകം വിൽപ്പനയിൽ നിന്ന് പിൻവലിച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ചൊവ്വാഴ്ച ഇത് വിൽപ്പനയിൽ നിന്ന് പിൻവലിച്ചതായി വൃത്തങ്ങൾ അറിയിച്ചു. എട്ടാം ക്ലാസ്സിലെ എൻ.സി.ഇ.ആർ.ടി പാഠപുസ്തകത്തിൽ നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് പരാമർശിച്ചതിൽ സുപ്രീം കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. വിഷയത്തിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് സ്വമേധയാ കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്താൻ ഒരാളെയും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ഇന്ന് വ്യക്തമാക്കിയിരുന്നു. നീതിന്യായ വ്യവസ്ഥയിലെ അഴിമതിയെക്കുറിച്ച് പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തിയത് കേവലം അശ്രദ്ധയല്ലെന്നും, മറിച്ച് ജുഡീഷ്യറിയുടെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ടുള്ള കരുതിക്കൂട്ടിയുള്ള നീക്കമാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. കോടതി ഇപടെലിന് പിന്നാലെയാണ് പുസത്കം വിൽപ്പനയിൽ നിന്ന് പിൻവലിച്ച വാർത്ത പുറത്തുവന്നത്.
കൃത്യമായ തെളിവുകളില്ലാതെ അഴിമതിയെക്കുറിച്ച് സാമാന്യവൽക്കരിച്ച പ്രസ്താവനകൾ നടത്തുന്നത് ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജുഡീഷ്യറിക്കെതിരെ സോഷ്യൽ മീഡിയയിലും മറ്റും നടക്കുന്ന ആസൂത്രിതമായ ആക്രമണങ്ങളുടെ തുടർച്ചയായാണോ ഇതെന്ന സംശയവും കോടതി പ്രകടിപ്പിച്ചു. ഇത്തരം ഉള്ളടക്കങ്ങൾ എങ്ങനെയാണ് പാഠപുസ്തക സമിതിയുടെ അനുമതി നേടിയതെന്ന് പരിശോധിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
വിദ്യാർഥികൾ പാഠപുസ്തകങ്ങളെ ഒരു ആധികാരിക സ്രോതസ്സായിട്ടാണ് കാണുന്നത്. കുട്ടിക്കാലം മുതൽ തന്നെ കോടതികൾ അഴിമതി നിറഞ്ഞതാണെന്ന ധാരണ കുട്ടികളിൽ വളർത്തുന്നത് നിയമവ്യവസ്ഥയിലുള്ള അവരുടെ വിശ്വാസം തകർക്കും. ഭാവി തലമുറക്ക് ജുഡീഷ്യറിയിലുള്ള ബഹുമാനം നഷ്ടപ്പെടാൻ ഇത് കാരണമാകും. ഭരണഘടനയുടെ പ്രധാന തൂണുകളിൽ ഒന്നായ നീതിന്യായ വ്യവസ്ഥയെ താഴ്ത്തിക്കെട്ടുന്നത് ജനാധിപത്യത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കുമെന്ന് കോടതി ഓർമ്മിപ്പിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇത്തരം ഉള്ളടക്കങ്ങൾ തയ്യാറാക്കുമ്പോൾ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
എട്ടാം ക്ലാസ്സിലെ സോഷ്യൽ സയൻസ് പാഠപുസ്തകത്തിൽ പുതുതായി ഉൾപ്പെടുത്തിയ ‘നമ്മുടെ സമൂഹത്തിൽ നീതിന്യായ വ്യവസ്ഥയുടെ പങ്ക്’ (The Role of the Judiciary in Our Society) എന്ന പാഠഭാഗത്താണ് ജുഡീഷ്യറിയിലെ അഴിമതിയെ കുറിച്ചും കെട്ടിക്കിടക്കുന്ന കേസുകളെ കുറിച്ചും പറയുന്നത്. അഴിമതിയും കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളും നീതിന്യായ സംവിധാനത്തിന്റെ മുന്നോട്ടുപോക്കിലുള്ള വെല്ലുവിളികളാണെന്ന് പുസ്തകത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

