കൗടില്യന്റെ അർത്ഥശാസ്ത്രം ബാങ്കിങ്, അടിസ്ഥാന വികസനത്തിന് മാതൃകയെന്ന് എൻ.സി.ഇ.ആർ.ടിയുടെ ഏഴാം ക്ലാസ് പുസ്തകം; മോദിയുടെ വികസനം വിശദമായി
text_fieldsന്യൂഡൽഹി: കൗടില്യന്റെ അർത്ഥശാസ്ത്രവും പ്രാചീന സാമ്പത്തിക സമ്പ്രദായവും ബാങ്കിങ് വികസനത്തിനും യു.പി.ഐക്കും അടിസ്ഥാന വികസനത്തിനും മാതൃകയായെന്ന് എൻ.സി.ഇ.ആർ.ടിയുടെ ഏഴാം ക്ലാസ് പുസ്തകം. ബി.സി നാലാം നൂറ്റാണ്ടിൽ എഴുതപ്പെട്ട കൗടില്യന്റെ അർത്ഥശാസ്ത്രമാണ് ഇന്നത്തെ ബാങ്കിങ് വികസനത്തിന് മാതൃകയായതെന്നാണ് എൻ.സി.ഇ.ആർ.ടി ഗവേഷകരുടെ പുതിയ കണ്ടെത്തൽ. ഏഴാം ക്ലാസിലെ സോഷ്യൽ സയൻസ് പുസ്തകത്തിലാണ് ഇങ്ങനെ കുട്ടികളെ പഠിപ്പിക്കുന്നത്.
രാജ്യത്തെ അടിസ്ഥാന വികസനം, യു.പി.ഐ പോലുള്ള സാമ്പത്തിക സമ്പ്രദായങ്ങൾ തുടങ്ങിയവയാണ് രാജ്യത്തിന്റെ വികസനത്തിന് ആക്കം കുട്ടിയതെന്നും ഈ സാമ്പത്തിക മുന്നേറ്റ പാത കൗടില്യന്റെ അർത്ഥശാസ്ത്രമാണ് കാട്ടിയതെന്നുമാണ് പുസ്തകം പറഞ്ഞുവെക്കുന്നത്.
പുസ്തകത്തിന്റെ രണ്ടാം ഭാഗത്തിൽ രാജ്യത്തിന്റെ പുതിയ വികസന പദ്ധതികളായ വന്ദേഭാരത്, ഇലക്ട്രിക് വാഹനങ്ങൾ, ഹിമാചലിലെ അടൽ ടണൽ, ജമ്മു കശ്മീരിലെ ചെനാബ് റെയിൽ ബ്രിഡ്ജ്, ഡൽഹി-മീററ്റ് എസ്ക്പ്രസ് ഹൈവേ തുടങ്ങിയവയെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്നു. ഇത് കൗടില്യൻ പറഞ്ഞ അടിസ്ഥാനവികസന മാതൃകയാണത്രെ. അടിസ്ഥാനവികസനമാണ് രാജ്യത്തിന്റെ സാമ്പത്തിക സമ്പ്രദായത്തിന്റെ നട്ടെല്ല്. ഇതാണ് ഗവൺമെൻറിനെ സുഗമമായി ഭരിക്കാൻ സഹായിക്കുന്നതെന്നും പറയുന്നു.
‘ബാങ്ക്സ് ആന്റ് ദി മാജിക് ഫിനാൻസ്’ എന്ന അധ്യായത്തിൽ 13ാം നൂറാണ്ടിൽ തമിഴ്നാട്ടിലെ കൊടുമ്പലൂർ രേഖകളിൽ പറയുന്ന ഒരു സാമ്പത്തിക കരാറിലെ ക്ഷേത്രവുമായി ബന്ധപ്പെട്ട സംഘടിത വായ്പാ സമ്പ്രദായം ആധുനിക സാമ്പത്തിക ശാസ്ത്രത്തിന് മാതൃകയായെന്നും പറയുന്നു. സാമ്പത്തികവും അടിസ്ഥാന വികസനവും തമ്മിലുള്ള ബന്ധം അർഥശാസ്ത്രം വരെ നീളുന്നതാണെന്നും സമർത്ഥിക്കുന്നു.
സ്റേററ്റ്, ഗ്രാമ സഭകൾ റോഡുവികസനം, ജലവിതരണ സമ്പ്രദായം എന്നിവയിൽ അടിസ്ഥാന പങ്കുവഹിക്കുന്നതായി അർത്ഥശാസ്ത്രത്തിൽ പറഞ്ഞിട്ടുണ്ട്. അന്നത്തെ ജനപഥങ്ങളിൽ റോഡുകൾ വിവിധ വീതികളിൽ നിർമിച്ചിരുന്നു. റോഡുകൾ കേടാക്കിയാൽ പെനാൽറ്റിയും ഈടാക്കിയിരുന്നത്രെ. നമുക്ക് ഇന്ന് ശുദ്ധവും നിലനിൽക്കുന്നതുമായ അടിസ്ഥാന വികസനവും ഒപ്പം പ്രകൃതിക്കനുകൂലവുമായിരിക്കണമെന്നും പറയുന്നു. ഇതൊക്കെ നിലിനിർത്തുന്നതിൽ പൊതുജനങ്ങൾക്കുള്ള ഉത്തരവാദിത്തം വലുതാണെന്നും പറയുന്നു.
രാജ്യത്ത് 50 മില്യൻ അകൗണ്ടുകൾ സാധാരണക്കാർക്ക് ആരംഭിക്കാൻ കഴിഞ്ഞ പ്രധാനമന്ത്രി ജൻധൻയോജനയെക്കുറിച്ചും വിശദമായി പഠിപ്പികുന്നു. ലോകത്തെ പേയ്മെന്റ് സിസ്റ്റത്തിന് ഇന്ത്യയുടെ സമ്മാനമാണ് യു.പി.ഐ എന്നാണ് പുസ്തകത്തിൽ പറയുന്നത്. ഇന്ത്യയുടെ വികസനത്തെ നോളജ് സിസ്റ്റവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു പുസ്തകം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

