കൈത്താങ്ങായി ചർച്ചസ് കൗൺസിലും സിഖ് ഗുരുദ്വാരയും
text_fieldsന്യൂഡൽഹി: സംഘ്പരിവാറിെൻറ ആസൂത്രിത കലാപത്തിന് ഇരയായ വടക്കു കിഴക്കൻ ഡൽഹിയിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്ന് ഡൽഹിയിലെ സ്വിഖ് ഗുരുദ്വാര മാനേജ്മെൻറ് കമ്മിറ് റി (ഡി.എസ്.ജി.എം.സി). ക്യാമ്പുകൾ തുടങ്ങാൻ വ്യാഴാഴ്ച സിഖ് കമ്മിറ്റിയുടെ അടിയന്തര യോഗം ചേർന്നാണ് തീരുമാനമെടുത്തതെന്ന് ഡി.എസ്.ജി.എം.സി പ്രസിഡൻറ് മഞ്ജീന്ദർ സിങ് സിർസ അറിയിച്ചു.
വ്യാഴാഴ്ചതന്നെ പലയിടങ്ങളിലും ക്യാമ്പുകൾ തുറന്നിട്ടുണ്ട്. മരുന്നടക്കം എല്ലാ സൗകര്യം ക്യാമ്പുകളിൽ ലഭ്യമാക്കുന്നുണ്ട്. ഭക്ഷണത്തിനായി ഗുരുദ്വാരകളിലെ കമ്യൂണിറ്റി കിച്ചൺ സംവിധാനമായ ‘ലങ്കാർ’ ക്യാമ്പുകൾക്ക് സമീപം ആരംഭിച്ചിട്ടുണ്ട്. ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ച എല്ലാവർക്കും പൊലീസ് ഉദ്യോഗസ്ഥർക്കും ലങ്കാർ വഴി വ്യാഴാഴ്ച ഭക്ഷണം നൽകി.
ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാൻ നാഷനൽ കൗൺസിൽ ഓഫ് ചർച്ചസ്(എൻ.സി.സി.ഐ) കലാപബാധിത പ്രദേശങ്ങളിലെ ചർച്ചുകൾക്കും ക്രിസ്ത്യൻ സംഘടനകൾക്കും നിർദേശം നൽകി. ആക്രമിക്കപ്പെട്ടവർക്കൊപ്പംനിന്ന് പ്രദേശത്ത് സമാധാനാന്തരീക്ഷവും സുരക്ഷയും തിരിച്ചുകൊണ്ടുവരാനാണ് ആഹ്വാനം. ‘മനുഷ്യത്വം ആക്രമിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ വീടുകൾ ചാമ്പലായി. നമ്മുടെ ബന്ധുക്കൾ കൊല്ലപ്പെട്ടു, സമാധാനം നശിപ്പിക്കപ്പെട്ടു, ഭാവി ഒറ്റുകൊടുക്കപ്പെട്ടു. ഭൂതകാലത്തിൽനിന്ന് നാം ഒന്നും പഠിച്ചില്ല. നമ്മുടെ തലസ്ഥാനത്ത് നടന്ന ഈ സംഭവങ്ങളിലൂടെ നാം ഒരിക്കൽ കൂടി ചാരത്തിലേക്ക് പതിച്ചിരിക്കുന്നു’- എൻ.സി.സി.ഐയുടെ പ്രസ്താവന പറയുന്നു.
അടിയന്തര സാഹചര്യം കൈകാര്യം ചെയ്യുന്നതിലെ വീഴ്ചക്ക് സംഘടന സർക്കാറിനെ രൂക്ഷമായി വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
