അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത്; സംഘത്തലവനെ തുർക്കിയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു
text_fieldsന്യൂഡൽഹി : അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘതലവനും പ്രധാന കണ്ണിയുമായ നവ്പ്രീത് സിങ്ങിനെ തുർക്കിയയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു. വ്യാജ തിരിച്ചറിയലും പാസ്‌പോർട്ടും ഉപയോഗിച്ച് തുർക്കിയയിൽ കഴിഞ്ഞിരുന്ന ഇയാളെ ഇന്ത്യൻ സുരക്ഷാ ഏജൻസികൾ കണ്ടെത്തി നാടുകടത്തൽ നടപടികളിലൂടെയാണ് ഇന്ത്യയിലെത്തിച്ചത്. ഇന്ത്യയിലെത്തിയ ഉടനെ ഇയാളെ കസ്റ്റഡിയിലെടുത്തതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു.
വ്യാജ രേഖകളും വിദേശ പൗരത്വവും ഉപയോഗിച്ച് വിവിധ രാജ്യങ്ങളിലായി സഞ്ചരിച്ചിരുന്ന ഇയാളുടെ യഥാർഥ വ്യക്തിത്വം കണ്ടെത്തുന്നതിനായി ഇന്ത്യൻ രഹസ്യാന്വേഷണ, നിയമനിർവഹണ ഏജൻസികൾ അന്വേഷണം നടത്തി. തുടർന്ന് തുർക്കിയ അധികൃതരുമായി സഹകരിച്ചാണ് ഇയാളെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കിയത്. അഫ്ഗാനിസ്താനിൽനിന്ന് ഇന്ത്യയിലേക്ക് ഹെറോയിനും മെത്താംഫെറ്റാമിൻ ഉൾപ്പെടെയുള്ള സിന്തറ്റിക് മയക്കുമരുന്നുകൾ കടത്തുന്ന സംഘങ്ങൾക്ക് പിന്നിൽ നവ്പ്രീത് സിങ്ങിന് പങ്കുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ. അതിർത്തി കടന്നുള്ള മയക്കുമരുന്ന് കടത്ത് ശൃംഖലകൾ ഇയാൾ നിയന്ത്രിച്ചിരുന്നതായും ഏജൻസികൾ വ്യക്തമാക്കി.
വ്യാജ തിരിച്ചറിയൽ രേഖകളും ഒന്നിലധികം വ്യാജ പൗരത്വങ്ങളും ഉപയോഗിച്ച് നിയമപാലകരുടെ കണ്ണുവെട്ടിച്ചാണ് ഇയാൾ ഇത്രയും കാലം അന്താരാഷ്ട്ര തലത്തിൽ മയക്കുമരുന്ന് ശൃംഖലകൾ നിയന്ത്രിച്ചിരുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഇയാൾക്കെതിരെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ നിലവിലുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ഇന്ത്യയിലെ പ്രാദേശിക വിതരണക്കാരെക്കുറിച്ചും സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ സാധിക്കുമെന്നാണ് നാർകോട്ടിക് കൺട്രോൾ ബ്യൂറോ ഉൾപ്പെടെയുള്ള ഏജൻസികൾ പ്രതീക്ഷിക്കുന്നത്.
നവ്പ്രീത് സിങ്ങിനെ ഇന്ത്യയിലെത്തിച്ചത് അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങൾക്കെതിരായ പ്രധാന നടപടിയാണെന്ന് അമിത് ഷാ പ്രതികരിച്ചു. 2019 മുതൽ 2026 ഓഗസ്റ്റ് വരെ 36 രാജ്യങ്ങളിൽനിന്നായി 288 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചതായാണ് സർക്കാർ കണക്ക്. 2025 ജനുവരിയിൽ ആരംഭിച്ച ഭാരത്പോൾ സംവിധാനവും അന്താരാഷ്ട്ര ഏജൻസികളുമായുള്ള വിവര കൈമാറ്റം വേഗത്തിലാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

