പാകിസ്താൻ ഹണിട്രാപ്പ് കേസ്; നാവികസേനാ ഉദ്യോഗസ്ഥൻ കോയമ്പത്തൂരിൽ അറസ്റ്റിൽ, നിർണായക വിവരങ്ങൾ ചോർന്നെന്ന് ആരോപണം
text_fieldsപ്രതീകാത്മക ചിത്രം
കോയമ്പത്തൂർ: പാകിസ്താൻ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുള്ള വനിതക്ക് നാവികസേനയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ കൈമാറിയെന്ന കേസിൽ ഇന്ത്യൻ നാവികസേനയിലെ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ 31കാരൻ പ്രദീപ് മുഖർജിയെയാണ് ആന്ധ്രപ്രദേശ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് സെൽ കോയമ്പത്തൂരിൽ അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച നാവികസേനയുടെ പരിശീലന കേന്ദ്രമായ ഐ.എൻ.എസ് അഗ്രണിയിൽ മാനേജ്മെന്റ് ഡെവലപ്മെന്റ് കോഴ്സിൽ പങ്കെടുക്കുന്നതിനിടെയാണ് അറസ്റ്റ്. 2014ൽ നാവികസേനയിൽ സെയിലറായി ചേർന്ന പ്രദീപ് മുഖർജി വിശാഖപട്ടണം ആസ്ഥാനമായ ഈസ്റ്റേൺ നേവൽ കമാൻഡിന് കീഴിലായിരുന്നു ജോലി ചെയ്തിരുന്നത്. പരിശീലനത്തിനായി ഒരാഴ്ച മുമ്പാണ് അദ്ദേഹം കോയമ്പത്തൂരിലെ ഐ.എൻ.എസ് അഗ്രണിയിൽ എത്തിയത്.
മാസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയ വഴിയാണ് പാകിസ്താൻ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുള്ള വനിതയുമായി പ്രദീപ് മുഖർജി പരിചയപ്പെടുന്നത്. പിന്നീട് ഇരുവരും അടുപ്പത്തിലായി. ഇതിന് പിന്നാലെ വിശാഖപട്ടണം നാവിക താവളത്തിലെ നാവിക ആസ്തികൾ, കപ്പലുകളുടെ നീക്കങ്ങൾ, പ്രവർത്തന ക്രമീകരണങ്ങൾ തുടങ്ങിയ വിവരങ്ങൾ സ്ത്രീക്ക് കൈമാറിയെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ.
സംശയാസ്പദമായ ഡിജിറ്റൽ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആന്ധ്രപ്രദേശ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് സെൽ പ്രദീപ് മുഖർജിയെ നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്ന് വിവരങ്ങൾ കൈമാറിയതായി കണ്ടെത്തുകയും നാവികസേനയുടെ അനുമതിയോടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിയിലേക്ക് കടക്കുകയുമായിരുന്നു.
പ്രത്യേക കൗണ്ടർ ഇന്റലിജൻസ് സംഘം ശനിയാഴ്ച രാവിലെ ഐ.എൻ.എസ് അഗ്രണിയിലെത്തി പ്രദീപ് മുഖർജിയെ കസ്റ്റഡിയിലെടുത്തു. പ്രാദേശിക പൊലീസിനെ വിവരമറിയിച്ച ശേഷം കോയമ്പത്തൂരിലെ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറണ്ട് നേടി. തുടർന്ന് കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പ്രദീപ് മുഖർജിയെ വിജയവാഡയിലെ കൗണ്ടർ ഇന്റലിജൻസ് ആസ്ഥാനത്തേക്ക് മാറ്റി.
ചോർന്ന വിവരങ്ങളുടെ സ്വഭാവവും വ്യാപ്തിയും കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ പ്രധാന ലക്ഷ്യം. വിവരങ്ങൾ കൈമാറിയതിന് പ്രതിക്ക് പണം ലഭിച്ചിട്ടുണ്ടോയെന്നും പണം ലഭിച്ചിട്ടുണ്ടെങ്കിൽ അത് ഡിജിറ്റൽ മാർഗങ്ങളിലൂടെയോ ഹവാല ഇടപാടുകളിലൂടെയോ കൈമാറിയിട്ടുണ്ടോയെന്നും അന്വേഷണ സംഘം പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

