‘മുഖ്യമന്ത്രിയാകാൻ 500 കോടിയുള്ളവർക്കേ സാധിക്കൂ’ എന്ന പരാമർശം; നവ്ജോത് സിങ് സിദ്ദുവിന്‍റെ ഭാര്യയെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്
text_fieldsകോൺഗ്രസ്: പഞ്ചാബ് മുൻ എം.എൽ.എയും ക്രിക്കറ്റ് താരവുമായ നവ്ജോത് സിങ് സിദ്ദുവിന്റെ ഭാര്യ നവ്ജോത് കൗർ സിദ്ദുവിനെ കോൺഗ്രസ് സസ്‌പെൻഡ് ചെയ്തു. മുഖ്യമന്ത്രിയാകാൻ 500 കോടിയുള്ളവർക്കേ സാധിക്കൂ എന്ന പരാമർശം വിവാദമായതോടെയാണ് നടപടി.
മുൻ ബി.ജെ.പി എം.പിയും, ശേഷം കോൺഗ്രസിൽ ചേർന്ന് സംസ്ഥാന മന്ത്രിസഭയിൽ അംഗവും പഞ്ചാബ് കോൺഗ്രസ് പ്രസിഡന്റുമായി പ്രവർത്തിച്ച ശേഷം പാർട്ടി വേദികളിൽനിന്നും വിട്ടു നിൽക്കുന്ന സിദ്ദുവിന്റെ തിരിച്ചുവരവ് മോഹം വ്യക്തമാക്കവെ കഴിഞ്ഞ ദിവസമാണ് ഭാര്യ വിവാദ പരാമർശം നടത്തിയത്. കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയാക്കിയാൽ നവ്ജോത് സിങ് സിദ്ദു സജീവ രാഷ്ട്രീയത്തിലേക്ക് വീണ്ടും തിരിച്ചെത്തുമെന്നും എന്നാൽ രാഷ്ട്രീയ പാർട്ടികൾക്ക് നൽകാൻ തങ്ങളുടെ കൈയിൽ പണമില്ലെന്നുമാണ് നവ്ജോത് കൗർ പറഞ്ഞത്.
‘പഞ്ചാബിനും പഞ്ചാബികൾക്കു വേണ്ടിയാണ് ഞങ്ങൾ എന്നും ശബ്ദിക്കുന്നത്. എന്നാൽ, 500 കോടി നൽകി മുഖ്യമന്ത്രി കസേര ചോദിക്കാനാവില്ല. ഏതെങ്കിലും പാർട്ടികൾ പഞ്ചാബിനെ മെച്ചപ്പെടുത്താൻ അവസരം നൽകിയാൽ തീർച്ചയായും ഏറ്റവും മികച്ച പ്രകടനത്തിലൂടെ സുവർണ പഞ്ചാബിനെ സൃഷ്ടിക്കാനാവും’ എന്ന് ചണ്ഡിഗഢിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് പറഞ്ഞത്. ഇപ്പോൾ തന്നെ പഞ്ചാബിൽനിന്നും അഞ്ച് കോൺഗ്രസ് മുഖ്യമന്ത്രി സ്ഥാനാർഥിമാരുള്ളതിനാൽ തന്റെ ഭർത്താവിന്റെ പ്രവേശനം അവർ തടയുമെന്നും കൗർ പറഞ്ഞിരുന്നു.
എന്നാൽ, ഇത് വിവാദമാകുകയും ബി.ജെ.പിയും ആം ആദ്മി പാർട്ടിയും ഏറ്റുപിടിക്കുകയും ചെയ്തു. ഇതോടെ നവ്ജോത് കൗറിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യമുയർന്നു. തുടർന്ന് പാർട്ടി പ്രാഥമികാംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തതായി കോൺഗ്രസ് പഞ്ചാബ് അധ്യക്ഷൻ അമരീന്ദർ സിങ് അറിയിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

