ജയിൽ മോചനത്തിനായി കാത്തിരുന്ന അനുയായികൾക്ക് നന്ദി പറഞ്ഞ് വിഡിയോയുമായി സിദ്ദു
text_fieldsന്യൂഡൽഹി: ജയിലിൽ നിന്ന് മോചിതനായതിനു പിന്നാലെ അനുയായികൾക്ക് നന്ദി പറഞ്ഞ് വിഡിയോ സന്ദേശവുമായി പഞ്ചാബ് കോൺഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു ട്വിറ്ററിൽ. 10 മാസത്തെ തടവിനു ശേഷമാണ് സിദ്ദു ജയിൽമോചിതനായത്. കഴിഞ്ഞ ദിവസം ജയിലിനു പുറത്ത് തന്നെ കാത്തിരുന്ന ആരാധകരുടെ ചിത്രവും സിദ്ദു ട്വിറ്ററിൽ പങ്കുവെച്ചു. അതിനു താഴെയായി രാവിലെ 10മുതൽ വൈകീട്ട് ആറു മണിവരെ ജയിലിൽ നിന്ന് പുറത്തിറങ്ങുന്നതും കാത്തിരുന്ന എല്ലാവർക്കും നന്ദി എന്ന് കുറിക്കുകയും ചെയ്തു.
പാർക്കിങ്ങിനെ ചൊല്ലി 34 വർഷം മുമ്പ് നടന്ന തർക്കത്തിനിടെ സിദ്ദു മർദിച്ച ഒരാൾ കൊല്ലപ്പെട്ട കേസിലാണ് ജയിൽശിക്ഷ അനുഭവിച്ചത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി വൈകീട്ട് ആറ് മണിയോടെ ആയിരുന്നു സിദ്ദു ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. നിരവധി അനുയായികളാണ് സിദ്ദുവിനെ കാത്ത് ജയിലിനു പുറത്തുണ്ടായിരുന്നത്. വാദ്യ മേളങ്ങളോടെ ഗംഭീര സ്വീകരണമാണ് സിദ്ദുവിന് ലഭിച്ചത്.
1998 ഡിസംബർ 27നാണ് ശിക്ഷയ്ക്ക് കാരണമായ സംഭവം നടന്നത്. ഒരു പാർക്കിങ് സ്പോട്ടിനെ സംബന്ധിച്ച തർക്കത്തിനിടെ 65 കാരനായ ഗുർണം സിങ്ങിനെ സിദ്ദു മർദിച്ചിരുന്നു. സിദ്ദുവും അദ്ദേഹത്തിന്റെ സുഹൃത്തായ രുപീന്ദർ സിങ് സന്ധുവും ചേർന്ന് ഗുർണമിനെ കാറിൽ നിന്ന് വലിച്ചുപുറത്തിറക്കി മർദിക്കുകയായിരുന്നു. ഗുർണം സിങ് പിന്നീട് ആശുപത്രിയിൽ വച്ച് മരിച്ചു. തുടർന്ന് ഗുർണമിന്റെ കുടുംബം കോടതിയെ സമീപിച്ചു.
2018ൽ കോടതി, 1000 രൂപ പിഴയൊടുക്കാൻ ആവശ്യപ്പെട്ട ശേഷം സിദ്ദുവിനെ വെറുതെവിട്ടിരുന്നു. പിന്നീട് കുടുംബം നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് കഠിന തടവിന് സിദ്ദുവിനെ ശിക്ഷിച്ചത്. ഗുർണം സിങ്ങിനെ തലയ്ക്കടിച്ചത് കണ്ട ദൃക്‌സാക്ഷിയുടെ മൊഴിയും സിദ്ദുവിനെതിരെയുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

