ഇന്ത്യൻ നാവികരുടെ പായ് വഞ്ചിയിലെ ലോകയാത്ര പകുതിദൂരം പിന്നിട്ടു, സംഘം പോർട്ട് സ്റ്റാൻലിയിൽ; ഐ.എൻ.എസ്.വി തരിണിക്ക് എട്ടാം ജന്മദിനം
text_fieldsഇന്ത്യൻ വനിത നാവികർ പോർട്ട് സ്റ്റാൻലിയിൽ എത്തിയപ്പോൾ
ന്യൂഡൽഹി: പായ് വഞ്ചിയിൽ ലോകം ചുറ്റുന്ന നാവിക സാഗർ പരികർമ-രണ്ടിന്‍റെ മൂന്നാംപാദം ഇന്ത്യൻ നാവികസേനയുടെ വനിതാ നാവികർ വിജയകരമായി പൂർത്തിയാക്കി. ഇതോടെ യാത്രയുടെ പകുതിദൂരം പിന്നിട്ട ഐ.എൻ.എസ്.വി തരിണിയും യാത്രികരായ മലയാളി ലഫ്റ്റനന്‍റ് കമാൻഡർ കെ. ദിൽനയും പുതുച്ചേരി സ്വദേശിയും ലഫ്റ്റനന്‍റ് കമാൻഡറുമായ രൂപ അഴഗിരിസാമിയും പോർട്ട് സ്റ്റാൻലിയിലെത്തി.
നാവിക സാഗർ പരികർമ-രണ്ട് പര്യവേഷണത്തിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞതായിരുന്നു മൂന്നാംപാദം. പോയിന്‍റ് നെമോ മറികടക്കുന്നതിനിടെ മൂന്നു ചുഴലിക്കാറ്റും കേപ് ഹോൺ കടക്കുന്നതിനായി ഡ്രേക്ക് പാസേജിലെ ഏറ്റവും അപകടം നിറഞ്ഞ കടൽപാതയിലെ വെല്ലുവിളികളുമാണ് നാവികർ അഭിമുഖീകരിച്ചത്. സ്വയംപ്രതിരോധശേഷിയും ധൈര്യവും വൈദഗ്ധ്യവും ഉയർത്തിക്കാട്ടുന്ന പ്രകടനമാണ് വനിത നാവികർ കാഴ്ചവെച്ചതെന്ന് ഇന്ത്യൻ നാവികസേന വാർത്താകുറിപ്പിലൂടെ അറിയിച്ചു.
പോർട്ട് സ്റ്റാലിയിൽ പ്രദേശിക സമൂഹവുമായി ആശയവിനിമയം നടത്തുന്ന ഇന്ത്യൻ നാവികർ, നാവിക സാഗർ പരികർമ-രണ്ടിനെ കുറിച്ചും ഇന്ത്യയുടെ നാവിക പാരമ്പര്യത്തെ കുറിച്ചും വിവരിക്കും. തുടർന്ന് പോർട്ട് സ്റ്റാൻലിയിൽ നിന്ന് നാലാംപാദത്തിന് തുടക്കം കുറിക്കുന്ന ഐ.എൻ.എസ്.വി തരിണിയും നാവികരും ദക്ഷിണാഫ്രിക്കയിലെ കേപ്ടൗൺ മറികടന്ന് ഇന്ത്യയിൽ എത്തിച്ചേരും.
ഇതിനിടെ, ഇന്ത്യയുടെ പായ് വഞ്ചിയായ ഐ.എൻ.എസ്.വി തരിണി എട്ടാം ജന്മദിനം ആഘോഷിച്ചു. 2017 ഫെബ്രുവരി 18നാണ് ഐ.എൻ.എസ്.വി തരിണി ഇന്ത്യൻ നാവികസേനയുടെ ഭാഗമാവുന്നത്. ഏറ്റവും വെല്ലുവിളി നിറഞ്ഞ മൂന്നാംപാദം പൂർത്തിയാക്കിയ വനിതാ നാവികരെ അഭിനന്ദിച്ച പരിശീലകനും മലയാളിയുമായ റിട്ട. കമാൻഡർ അഭിലാഷ് ടോമി ഐ.എൻ.എസ്.വി തരിണിക്ക് ജന്മദിനാശംസ നേർന്നു.
കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിന് ഗോവയിലെ ഐ.എൻ.എസ് മണ്ഡോവിയിലെ ഓഷ്യൻ സെയിലിങ് നോഡിൽ നിന്ന് നാവികസേനാ മേധാവി അഡ്മിറൽ ദിനേശ് കുമാർ ത്രിപാഠിയാണ് ഐ.എൻ.എസ്.വി തരിണിയിലുള്ള 'നാവിക സാഗർ പരിക്രമ II' പര്യവേഷണം ഫ്ലാഗ് ഓഫ് ചെയ്തത്. നാല് ഭൂഖണ്ഡങ്ങളിലൂടെയും മൂന്ന് സമുദ്രങ്ങളിലൂടെയും വെല്ലുവിളി നിറഞ്ഞ മൂന്ന് മുനമ്പിലൂടെയും 240 ദിവസങ്ങൾ കൊണ്ട് 23,400 നോട്ടിക്കൽ മൈലുകൾ സഞ്ചരിക്കുക എന്നതായിരുന്നു ദൗത്യം. സാഹസികത, പ്രതിരോധം, ആഗോള സമുദ്ര സഹകരണം വർധിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത എന്നിവയാണ് നാവികസേന ലക്ഷ്യമിടുന്നത്.
മലയാളിയായ റിട്ട. കമാൻഡർ അഭിലാഷ് ടോമിയുടെ കീഴിലാണ് കെ. ദിൽനയും രൂപ അഴഗിരിസാമിയും കപ്പൽ പര്യവേഷണത്തിനുള്ള പരിശീലനം ഐ.എൻ.എസ്.വി തരിണിയിൽ പൂർത്തിയാക്കിയത്. 2023 മേയിൽ ദിൽനയും രൂപയും ഉൾപ്പെടെ ആറു നാവികരുടെ സംഘം ഗോവയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലെ കേപ്ടൗൺ വഴി ബ്രസീലിലെ റിയോ ഡി ജനീറോ വരെയും തിരികെയുള്ള ട്രാൻസ് അറ്റ്ലാന്‍റിക് പര്യടനം ഐ.എൻ.എസ്.വി തരിണിയിൽ പൂർത്തിയാക്കിയിരുന്നു. തുടർന്ന് അഭിലാഷ് ടോമിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കപ്പൽ പര്യവേഷണത്തിന് ദിൽനയും രൂപയും ഉൾപ്പെടുന്ന രണ്ടംഗ സംഘത്തെ തെരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

