മൂർഖനെ ചുംബിച്ച് സെൽഫിയെടുത്ത മൃഗസ്നേഹി മൂർഖന്‍റെ കടിയേറ്റ് മരിച്ചു
text_fieldsനവിമുംബൈ: മൂർഖനെ ചുംബിച്ച് സെൽഫിയെടുക്കാനുള്ള മോഹത്തിന് മൃഗസ്നേഹി ബലികൊടുത്തത് സ്വന്തം ജീവൻ തന്നെ. ബേലാപൂർ സ്വദേശിയായ സോംനാഥ്ഹാത്രെയുടെ സെൽഫിഭ്രമമാണ് ജീവൻ പൊലിയാൻ ഇടയാക്കിയത്. അത്യന്തം അപകടകാരികളായ പാമ്പുകളേയും മറ്റ് ജന്തുക്കളേയും കൈകാര്യം ചെയ്യാറുണ്ട് ഇയാൾ.
പാർക്ക് ചെയ്ത കാറിനുള്ളിൽ കുടുങ്ങിയ മൂർഖനെ മാറ്റാനായാണ് ജനുവരി 30ന് സോംനാഥിനെ വിളിച്ചത്. മൂർഖനെ സോംനാഥ് വിജയകരമായി രക്ഷപ്പെടുത്തിയിരുന്നു. മൂർഖന് പരിക്കൊന്നും പററിയിട്ടില്ല എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തുകയും ചെയ്തു.
ഇതിനുശേഷമാണ് സംഭവത്തിന്‍റെ ഓർമക്കായി മൂർഖനെ ചുംബിച്ചുകൊണ്ട് തന്‍റെ മൊബൈൽ ഫോണിൽ സെൽഫിയെടുക്കാൻ സോംനാഥ് തുനിഞ്ഞത്. സെൽഫിയെടുക്കാൻ കഴിഞ്ഞെങ്കിലും പരിഭ്രാന്തനായ മൂർഖൻ രക്ഷപ്പെടുത്തിയയാളുടെ നെഞ്ചിൽ തന്നെ തിരിഞ്ഞുകൊത്തുകയായിരുന്നു. അപ്പോൾത്തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. അഞ്ച് ദിവസത്തിന് ശേഷം സോംനാഥ് മരിച്ചു.
പാമ്പുകളെ പിടിക്കുന്നതിലും രക്ഷപ്പെടുത്തുന്നതിലും സോംനാഥ് വിദഗ്ധനായിരുന്നുവെന്ന് വീട്ടുകാരും മൃഗസ്നേഹികളും സാക്ഷ്യപ്പെടുത്തുന്നു. ഇതുവരെയായി 100 പാമ്പുകളെ ഇയാൾ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പശ്ചാത്തലത്തിൽ മൃഗങ്ങളെ രക്ഷപ്പെടുത്തുന്നവർക്ക് വ്യക്തമായ മാർഗനിർദേശങ്ങൾ നൽകണമെന്ന് വിവിധ സംഘടനകൾ സർക്കാറിനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
