സൈബർ തട്ടിപ്പ്: കേരളത്തിൽ നിന്നുള്ള നാല് പേരടക്കം 12 അംഗ സംഘം പിടിയിൽ
text_fieldsഭുവനേശ്വർ: വൻതോതിൽ സൈബർ തട്ടിപ്പ് നടത്തിവന്ന അന്തർസംസ്ഥാന സംഘത്തെ ഭുവനേശ്വർ പൊലീസ് പിടികൂടി. കേരളത്തിൽ നിന്നുള്ള നാല് പേരുൾപ്പെടെ ആകെ 12 പേരാണ് അറസ്റ്റിലായത്. കേരളം, ബിഹാർ, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായവർ. നഗരത്തിലെ ഒരു വീട്ടിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ വലയിലായത്.
പ്രതികളുടെ പക്കലിൽ നിന്നും 30 മൊബൈൽ ഫോൺ, 30 സ്മാർട്ട് ഫോൺ, രണ്ട് ലാപ്ടോപ്, സ്ക്രാച്ച് കാർഡുകൾ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ടെന്ന് ഭുവനേശ്വർ പൊലീസ് കമീഷണർ അറിയിച്ചു. 'കത്രി-സറായ്' എന്നറിയപ്പെടുന്ന ഈ സംഘം നാപ്റ്റോൾ, മീഷോ തുടങ്ങിയ പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിൽ നിന്ന് പ്രാദേശിക ഏജന്റുമാർ വഴി ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ചിരുന്നു. തുടർന്ന് വ്യാജ ബാങ്ക് അക്കൗണ്ടുകളും യു.പി.ഐ ഹാൻഡിലുകളും ഉപയോഗിച്ചാണ് പണം തട്ടിയെടുത്തത്.
പ്രതികളുടെ നേതൃത്വത്തിൽ തട്ടിപ്പ് നടത്തുന്ന വലിയൊരു സംഘമുണ്ടെന്ന് പൊലീസ് കൂട്ടിച്ചേർത്തു. ഗിഫ്റ്റ് വൗച്ചർ, ലോട്ടറി ടിക്കറ്റ്, ലോണുകൾ എന്നിവ കാണിച്ച് ഇവർ ജനങ്ങളെ കബളിപ്പിച്ചിട്ടുണ്ടെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. തട്ടിപ്പിനിരയായവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി റാക്കറ്റിൽ ഉൾപ്പെട്ട എല്ലാവരെയും പിടികൂടുമെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
ഇതിനിടെ തട്ടിപ്പുകാർക്കെതിരെ ജാഗ്രത സ്വീകരിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അജ്ഞാത നമ്പറുകളിൽ നിന്നും വരുന്ന കോളുകൾ, ഓൺലൈൻ ഓഫറുകൾ, സാമ്പത്തിക പദ്ധതികൾ എന്നിവക്കെതിരെ ജാഗ്രത പാലിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

