കേന്ദ്ര സർക്കാറിന് എതിരെ െപാതുവേദി
text_fieldsന്യൂഡൽഹി: നവ ഉദാരീകരണ നയം, വർഗീയത, ഭിന്നിപ്പിക്കൽ രാഷ്ട്രീയം, ആൾക്കൂട്ട ആക്രമണം, ജനാധിപത്യ ധ്വംസനം എന്നിവയിൽ ബി.ജെ.പി സർക്കാറിന് എതിരെ ദേശീയതലത്തിൽ സമാനമനസ്കരായ സംഘടനകളുടെ പൊതുവേദി ‘ജന ഏകത ജന അധികാർ ആന്ദോളൻ’ നിലവിൽവന്നു. ഹിന്ദി ബെൽറ്റ് സംസ്ഥാനങ്ങളിലെ ബി.ജെ.പി സർക്കാറുകളെ മുട്ടുകുത്തിച്ച കർഷക പ്രതിഷേധത്തിെൻറയും വിവിധ മേഖലകളിലെ തൊഴിലാളി സമരങ്ങളുടെയും ഉൗർജത്തിൽ നിന്നാണ് പുതിയ വേദിയുടെ തുടക്കം. രാഷ്ട്രീയ മുന്നണി സംവിധാനം എന്നതിന് പകരം സിവിൽ സമൂഹത്തിൽ കോർപറേറ്റ്വത്കരണം, പരിസ്ഥിതി വിനാശം, ഉദാരീകരണം, വർഗീയത എന്നിവക്ക് എതിരെ വിട്ടുവീഴ്ചയില്ലാതെ പൊരുതുന്ന നൂറോളം ഇടത്, ജനാധിപത്യ, വർഗ, ബഹുജന, സാമൂഹിക സംഘടനകളാണ് ഒന്നിച്ചുചേരുന്നത്.
തിങ്കളാഴ്ച മാവലാങ്കർ ഹാളിൽ ചേർന്ന കൺവെൻഷൻ കേന്ദ്ര സർക്കാറിന് എതിരെ കുറ്റപത്രവും 26 ഇന ആവശ്യങ്ങളും ഉന്നയിച്ചു. സി.പി.എം നേതൃത്വത്തിൽ സി.പി.െഎ, സി.പി.െഎ-എം.എൽ, എസ്.യു.സി.െഎ, എൻ.എ.പി.എം തുടങ്ങിയ സംഘടനകളുമായി കൈകോർത്താണ് ഇൗ നീക്കം.
കർഷക, തൊഴിലാളി, വനിത, ആദിവാസി, ദലിത്, ന്യൂനപക്ഷ, യുവജന, വിദ്യാർഥി, ഭൂമി കുടിയൊഴിപ്പിക്കൽ വിരുദ്ധ മേഖലകളിൽനിന്നുള്ള സംഘടനകളുടെ ഒത്തുചേരൽ 2019ലെ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് മോദി സർക്കാറിന് എതിരെ ജനകീയ സമരങ്ങളുടെ ഒരു െഎക്യനിര ഉയർത്തുമെന്നാണ് സംഘാടകരുടെ കണക്കുകൂട്ടൽ. എഴുത്തുകാർ, ബുദ്ധിജീവികൾ, സാംസ്കാരിക ഗ്രൂപ്പുകൾ, മതേതര- പുരോഗമന കാഴ്ചപ്പാടുള്ള വ്യക്തികൾ എന്നിങ്ങനെ വിശാലമായ വിഭാഗത്തെയും ഇതിെൻറ ഭാഗമാക്കാനാണ് തീരുമാനം.
എല്ലാ സംസ്ഥാന, ജില്ല തലസ്ഥാനങ്ങളിലും താഴെ തട്ടിലും സമാനമായ കൺവെൻഷൻ നടത്താനും ധാരണയായി. ഒക്ടോബർ 30ന് ‘ജന ഏകതാ മശാൽ’ എന്ന പേരിൽ മെഴുകുതിരി കത്തിച്ച് ജനങ്ങളുടെ പ്രദക്ഷിണവും ജില്ല കേന്ദ്രങ്ങളിൽ നടത്തും.
ഹനൻമൊല്ല, കവിത കൃഷ്ണൻ, അതുൽ കുമാർ അൻഞ്ജാൻ, അമർജിത് കൗർ, ആനിരാജ, വിക്രം സിങ്, കൃഷ്ണ പ്രസാദ്, മധുരേശ് കുമാർ, റോമ മല്ലിത, പ്രഫുല്ല സാമന്തറായി, രാജീവ് ഡിമ്രി, മറിയം ധവേല, ശങ്കരൻ തുടങ്ങിയവർ അടക്കമുള്ള നേതാക്കൾ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
