സി.എ.എ, എൻ.ആർ.സി: വീണ്ടും ചർച്ചയായി ദേശീയ ജനസംഖ്യാപ്പട്ടിക
text_fieldsന്യൂഡൽഹി: ജനന-മരണ രജിസ്ട്രേഷൻ വിവരങ്ങൾ കേന്ദ്രസർക്കാറിന്റെ നിയന്ത്രണത്തിലാക്കുന്ന പുതിയ നിയമനിർമാണത്തോടെ ദേശീയ ജനസംഖ്യാപ്പട്ടിക (എൻ.പി.ആർ) വീണ്ടും ചർച്ചയാകുന്നു. എൻ.പി.ആർ വിവാദമായ പൗരത്വ ഭേദഗതി നിയമം (സി.എ.എ), ദേശീയ പൗരത്വപട്ടിക(എൻ.ആർ.സി) എന്നിവയുമായി ബന്ധപ്പെട്ട നടപടിക്രമമാണെന്ന ആക്ഷേപമുയർന്നിരുന്നു.
രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ (ആർ.ജി.ഐ) ജനന-മരണ രജിസ്ട്രേഷൻ വിവരം ദേശീയതലത്തിൽ ക്രോഡീകരിച്ച് എൻ.പി.ആർ പുതുക്കുമെന്നാണ് കേന്ദ്രം കൊണ്ടുവരുന്ന നിയമഭേദഗതിയിലുള്ളത്. 1955ലെ പൗരത്വ നിയമപ്രകാരം എൻ.പി.ആർ 1980 മുതൽ സെൻസസിന്റെ ഭാഗമായി നടന്നുവന്നിരുന്നതാണ്. പൗരത്വം ഉണ്ടോ, ഇല്ലേ എന്ന് കണക്കിലെടുക്കാതെ ഇന്ത്യയിൽ കഴിയുന്ന എല്ലാ വ്യക്തികളെയും ഉൾപ്പെടുത്തി തയാറാക്കുന്നതാണ് എൻ.പി.ആർ. സെൻസസ് നടത്തുന്ന വകുപ്പ് തന്നെയാണ് എൻ.പി.ആറും തയാറാക്കുക. യു.പി.എ സർക്കാറിന്റെ കാലത്ത് ഓരോ വ്യക്തിക്കും ഏകീകൃത തിരിച്ചറിയൽ നമ്പറുമായി ആധാർ നിലവിൽ വന്നതോടെ എൻ.പി.ആറിന്റെ സാംഗത്യം ചോദ്യം ചെയ്യപ്പെട്ടു. ഒരേസമയം എൻ.പി.ആറും ആധാറും എന്തിനാണെന്ന ചോദ്യവുമുയർന്നു.
മോദിസർക്കാർ അസമിൽ നടപ്പാക്കിയ എൻ.ആർ.സി രാജ്യത്തൊട്ടാകെ വ്യാപിപ്പിക്കുമെന്ന് പറഞ്ഞതോടെയാണ് എൻ.പി.ആർ വീണ്ടും ചർച്ചയിലേക്ക് വന്നത്. സി.എ.എയും എൻ.പി.ആറും ദേശീയ പൗരത്വപട്ടിക ഉണ്ടാക്കുന്നതിന്റെ നടപടിക്രമങ്ങളാണെന്ന വിമർശനമുയർന്നു. 2003ലെ പൗരത്വ ചട്ടങ്ങൾ പ്രകാരമാണ് ജനസംഖ്യാപ്പട്ടിക തയാറാക്കുകയെന്ന് നേരത്തെ സർക്കാർ വ്യക്തമാക്കിയിരുന്നു.
വീടുവീടാന്തരമുള്ള വിവരശേഖരണം നടത്തി ഓരോ പ്രദേശത്തും ജനസംഖ്യാ പട്ടികയുണ്ടാക്കി അത് പിന്നീട് സബ് ജില്ല, ജില്ല, സംസ്ഥാന തലങ്ങളിലും അവസാനം ദേശീയതലത്തിലും ക്രോഡീകരിച്ചാണ് ദേശീയ ജനസംഖ്യാപ്പട്ടികയുണ്ടാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

