ദേശീയ ന്യൂനപക്ഷ കമീഷൻ പ്രവർത്തന രഹിതം; മന്ത്രാലയത്തിന് കോടതി വിമർശം
text_fieldsന്യൂഡൽഹി: കഴിഞ്ഞ വർഷം ഏപ്രിൽ തൊട്ട് ചെയർപേഴ്സനും വൈസ് ചെയർപേഴ്സനും അഞ്ച് മെംബർമാരമില്ലാതെ പ്രവർത്തന രഹിതമായ ദേശീയ ന്യൂനപക്ഷ കമീഷനിലെ തസ്തികകൾ നികത്താത്തതിനെ കുറിച്ച് കേന്ദ്ര സർക്കാർ സമർപ്പിച്ച സത്യവാങ്മൂലം വ്യർഥവും അപൂർണവുമാണെന്ന് ഡൽഹി ഹൈകോടതി. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പൂർണമായും ഉൾക്കൊള്ളിച്ച് പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശം കോടതി നൽകി. പ്രവർത്തന രഹിതമായി കിടക്കുന്ന കമീഷനിൽ ഒഴിവുള്ള തസ്തികകൾ എന്ന് നികത്തുമെന്ന് വ്യക്തമാക്കണമെന്നും മുജാഹിദ് നഫീസ് സമർപ്പിച്ച ഹരജിയിൽ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തോട് ഹൈകോടതി ആവശ്യപ്പെട്ടു.
തസ്തികകളിലെ നിയമനം എപ്പോൾ നടത്തുമെന്നും നിയമന നടപടികൾ ഏത് ഘട്ടത്തിൽ എത്തിനിൽക്കുന്നുവെന്നും അതിന്റെ പുരോഗതി എന്താണെന്നും മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിലില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ, ജസ്റ്റിസ് തേജസ് കരിയ എന്നിവരടങ്ങുന്ന ബെഞ്ച് വിമർശിച്ചു. അതിനാൽ, കുറെക്കൂടി നല്ല ഒരു സത്യവാങ്മൂലത്തിലൂടെ നിയമനം എന്ന് നടക്കുമെന്നതടക്കമുള്ള വിവരങ്ങൾ കോടതിയെ അറിയിക്കണം. പുതിയ സത്യവാങ്മൂലത്തിന് രണ്ടാഴ്ച സമയം നൽകിയ ഹൈകോടതി 27ന് കേസ് വീണ്ടും പരിഗണിക്കും.
ചെയർപേഴ്സനും മെംബറുമില്ലാതെ ഏപ്രിൽ മുതൽ കമീഷൻ അനാഥമായി കിടക്കുന്നത് എന്തുകൊണ്ടാണെന്ന് ജനുവരി 30ന് കേസ് പരിഗണിച്ചപ്പോൾ ഹൈകോടതി കേന്ദ്രത്തോട് ചോദിച്ചിരുന്നു. നിയമനവുമായി ബന്ധപ്പെട്ട നടപടികൾ സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ മന്ത്രാലയത്തോട് നിർദേശിച്ച് ഒരാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കാനായി മാറ്റിയതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

