ദേശീയപാത നവീകരണം: 10 ലക്ഷം കോടിയുടെ പദ്ധതിയുമായി കേന്ദ്രം
text_fieldsന്യൂഡൽഹി: രാജ്യത്തെ ദേശീയപാതകൾ രണ്ടുവർഷത്തിനുള്ളിൽ നവീകരിക്കാൻ 10 ലക്ഷം കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്രം. വടക്കുകിഴക്കൻ മേഖലയിലെയും അതിർത്തി പ്രദേശങ്ങളിലെയും പാതകൾക്ക് പ്രത്യേക പരിഗണന നൽകുമെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി. ദുഷ്കരമായ ഭൂപ്രകൃതിയും അതിർത്തികളോടുള്ള സാമീപ്യവും കണക്കിലെടുക്കുമ്പോൾ വടക്കുകിഴക്കൻ മേഖലയിലെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കേണ്ടത് അടിയന്തര ആവശ്യമാണ്. രണ്ടു വർഷത്തിനുള്ളിൽ മേഖലയിലെ ഹൈവേകൾ യു.എസ് റോഡുകൾക്ക് സമാനമായി നവീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കിഴക്കൻ സംസ്ഥാനങ്ങളിൽ 3,73,484 കോടി രൂപ ചെലവിൽ 21,355 കിലോമീറ്റർ ദൈർഘ്യമുള്ള 784 ഹൈവേ പദ്ധതികൾ നടപ്പാക്കും. ഹൈവേ മന്ത്രാലയം, നാഷനൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ, നാഷനൽ ഹൈവേസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡ് എന്നിവരുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക. നിലവിൽ, അസമിൽ 57,696 കോടി രൂപയുടെയും ബിഹാറിൽ 90,000 കോടിയുടെയും പദ്ധതികളുണ്ട്. പശ്ചിമ ബംഗാളിൽ 42,000 കോടിയുടെയും ഝാർഖണ്ഡിൽ ഏകദേശം 53,000 കോടിയുടെയും ഒഡിഷയിൽ 58,000 കോടിയുടെയും പദ്ധതികൾ ഏറ്റെടുക്കുന്നുണ്ടെന്നും ഗഡ്കരി വ്യക്തമാക്കി. അസം ഒഴികെയുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ, ഈ വർഷംതന്നെ ഒരു ലക്ഷം കോടിയുടെ പദ്ധതികൾ ഏറ്റെടുക്കും. നാഗ്പുരിൽ 170 കോടി രൂപ ചെലവിൽ മാസ് റാപ്പിഡ് ട്രാൻസ്പോർട്ട് പൈലറ്റ് പദ്ധതി നടന്നുവരുകയാണ്. പുനരുപയോഗ സാധ്യമായ ഊർജ സ്രോതസ്സുകളിൽ ഓടുന്ന 135 സീറ്റർ ബസും ഈ പദ്ധതിയിലുണ്ട്. വിജയിച്ചാൽ രാജ്യവ്യാപകമായി പദ്ധതി നടപ്പാക്കാനാവും.
രാജ്യത്ത് ദേശീയപാത ശൃംഖലയുടെ ദൈർഘ്യം 2014 മാർച്ചിൽ 91,287 കിലോമീറ്ററായിരുന്നത് നിലവിൽ 1,46,204 കിലോമീറ്ററായി വർധിച്ചിട്ടുണ്ട്. 2024-25ൽ, ദേശീയപാത അതോറിറ്റി 5614 കിലോമീറ്റർ ദേശീയ പാതകൾ നിർമിച്ചു. ഇത് 5150 കിലോമീറ്റർ എന്ന ലക്ഷ്യത്തെ മറികടക്കുന്നതായിരുന്നു. കേരളവും തമിഴ്നാടുമുൾപ്പെടെ മിക്ക സംസ്ഥാനങ്ങളിലും നിലവിൽ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

