ദേശീയപാത തകർച്ച; കെ.എൻ.ആർ കൺസ്ട്രക്ഷൻസിനെ ഡീബാർ ചെയ്ത് കേന്ദ്രം
text_fieldsന്യൂഡൽഹി: മലപ്പുറം കൂരിയാട് നിർമാണത്തിലുള്ള ആറുവരി ദേശീയപാത തകർന്ന സംഭവത്തിൽ നിർമാണ കരാറുകാരായ കെ.എൻ.ആർ കൺസ്ട്രക്ഷൻസ് കമ്പനിക്ക് വിലക്കേർപ്പെടുത്തി കേന്ദ്ര ഉപരിതല മന്ത്രാലയം. ദേശീയപാത തകർച്ചയിൽ വിദഗ്ധ സമിതി പ്രാഥമിക വിവരങ്ങൾ നൽകിയതിന് പിന്നാലെയാണ് ദേശീയപാത അതോറിറ്റിയുടെ നടപടി. ഇതോടെ, കെ.എൻ.ആർ കൺസ്ട്രക്ഷൻസിന് തുടർ കരാറുകളിൽ പങ്കെടുക്കാനാവില്ല. ദേശീയപാത നിർമാണത്തിന്‍റെ കൺസൾട്ടിങ് കമ്പനിയായ ഹൈവേ എഞ്ചിനീയറിങ് കമ്പനിക്കും വിലക്കേർപ്പെടുത്തി. രണ്ട് കമ്പനികളിലെയും രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു.
മേയ് 19നാണ് മലപ്പുറം കൂരിയാട് വയലിൽ മണ്ണിട്ടുയർത്തി നിർമിച്ച ആറുവരിപ്പാതയും സർവിസ് റോഡും തകർന്നത്. അപകടത്തിൽ സർവിസ് റോഡിലൂടെ സഞ്ചരിച്ച രണ്ട് കാറുകൾ തകരുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വയൽ നികത്തി നിർമിച്ച സർവിസ് റോഡാണ് ആദ്യം ഇടിഞ്ഞത്. പിന്നാലെ, ഏറെ ഉയരത്തിൽ നിർമിച്ച ദേശീയപാതയുടെ മതിലും സർവിസ് റോഡിലേക്ക് നിലംപൊത്തുകയായിരുന്നു. കോഴിക്കോട് നിന്ന് തൃശൂര്‍ ഭാഗത്തേക്ക് വരുന്നിടത്താണ് റോഡ് ഇടിഞ്ഞത്. ദേശീയപാത നിർമാണത്തിന് ഉപയോഗിക്കുന്ന മണ്ണുമാന്തി യന്ത്രവും കുഴിയിലേക്ക് വീണു.
സംഭവത്തിന് പിന്നാലെ നിർമാണത്തിൽ അപാകതയുണ്ടെന്ന് വ്യാപക വിമർശനമുയർന്നിരുന്നു. രാഷ്ട്രീയ പാർട്ടികളും നാട്ടുകാരും പ്രതിഷേധവുമായെത്തി. ഇതിന് പിന്നാലെ കേന്ദ്രത്തിന്‍റെ രണ്ടംഗ വിദഗ്ധ സമിതി കൂരിയാട് സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

